ദുബൈ എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് മരിച്ചു; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു

ദുബൈ എയര്‍ ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് മരിച്ചു; വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: ദുബൈ എയര്‍ ഷോയില്‍ വെള്ളിയാഴ്ച നടന്ന പറക്കല്‍ പ്രദര്‍ശനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു. തീപിടിച്ച വമാനത്തിലെ പൈലറ്റ് മരിച്ചു. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മുകളിലൂടെ കനത്ത കറുത്ത പുക ഉയര്‍ന്നപ്പോള്‍, പ്രദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ജനങ്ങള്‍ ഞെട്ടലോടെയാണ് കാഴ്ച നോക്കി നിന്നത്. 

ഹിന്ദുസ്താന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച സിംഗിള്‍-സീറ്റ് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10-ഓടെയാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദുബൈ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഫയര്‍ഫോഴ്സ് ടീം അംഗങ്ങളും അടിയന്തര സഹായ സംഘങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. 

വൃത്തങ്ങള്‍ നല്‍കിയ വിവരമനുസരിച്ച്, പൈലറ്റ് നെഗറ്റീവ് ജി-ഫോഴ്‌സ് ടേണ്‍ നടത്തുന്നതിനിടെ നിയന്ത്രണം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഗുരുത്വാകര്‍ഷണ ദിശയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തിയാണിത്. തേജസ് ഇത്തരം മാനുവറുകള്‍ ചെയ്യാന്‍ ശേഷിയുള്ളതാണെങ്കിലും ഈ അവസരത്തില്‍ പൈലറ്റിന് വീണ്ടെടുക്കാനായില്ലെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. വിമാനം നേരിട്ട് താഴേക്ക് വീണതും ഗ്ലൈഡ് ചെയ്യാതിരുന്നതും ഇതിന്റെ ഭാഗമാണ്.

രണ്ടു വര്‍ഷത്തിനുള്ളില്‍ തേജസ് വിമാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജൈസല്‍മീരില്‍ ഒരു തേജസ് വിമാനം തകര്‍ന്നുവീണിരുന്നു. 2001ലെ ആദ്യ പരീക്ഷണ പറക്കലിന് ശേഷം സംഭവിച്ച ആദ്യ അപകടമായിരുന്നു അത്. സംഭവത്തില്‍ പൈലറ്റ് സുരക്ഷിതമായി പുറത്തേക്കു ചാടിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനങ്ങളില്‍ ഒന്നായ ദുബൈ എയര്‍ ഷോയാണ് അപകടസമയത്ത് നടന്നുകൊണ്ടിരുന്നത്. എമിറേറ്റ്സ്, ഫ്‌ളൈദുബൈ തുടങ്ങിയവര്‍ വലിയ വിലമതിക്കുന്ന വിമാന ഓര്‍ഡറുകള്‍ പ്രഖ്യാപിച്ച ആഴ്ചയിലായിരുന്നു ദുരന്തം.

തേജസ് 4.5 തലമുറ മള്‍ട്ടി-റോള്‍ കോമ്പാറ്റ് വിമാനമാണ്. വ്യോമരക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് ആക്രമണ വിമാന പിന്തുണയ്ക്കും അടുത്തദൂരം യുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിവുള്ളതും അത്തരം വിമാനങ്ങളില്‍ ഏറ്റവും ലളിതവും കുറഞ്ഞ വലിപ്പമുള്ളതുമാണ്.

സീറോ-സീറോ എജക്ഷന്‍ സിസ്റ്റവും തേജസ് വിമാനത്തിന്റെ പ്രത്യേകതയാണ്. ശൂന്യ ഉയരത്തിലും ശൂന്യ വേഗതയിലും പോലും പൈലറ്റിനെ സുരക്ഷിതമായി പുറത്തേക്കെത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത വിമാനത്തിലെ ക്യാനോപ്പി പൊട്ടിത്തെറിപ്പിച്ച് പൈലറ്റിനെ പുറത്തേക്കുതള്ളുകയും, അതിനുശേഷം പാരച്യൂട്ട് തുറന്നു നിലത്തിറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

റണ്‍വേയോട് ചേര്‍ന്നുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നിരുന്ന പ്രേക്ഷകര്‍ അപകടം നേരില്‍ കണ്ടു. പറക്കല്‍ പ്രദര്‍ശനം നടത്തുന്നതിനിടെ വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇറങ്ങിത്തുടങ്ങിയ ദൃശ്യങ്ങള്‍ വീഡിയോകളില്‍ കാണാം. അടുത്ത നിമിഷം കറുത്ത പുകയും പ്രേക്ഷകരുടെ ഭീതിജന്യ പ്രതികരണങ്ങളും പുറത്തുവരികയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പഴയകാല യുദ്ധവിമാനങ്ങളായ മിഗ് സീരീസിന് പകരമായും  വിദേശ ആശ്രയം കുറച്ചും രാജ്യത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താനുള്ള കേന്ദ്ര പദ്ധതികളില്‍ ഒന്നാണ് തേജസ് പദ്ധതി. 

ഈ വര്‍ഷം സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 97 പുതിയ തേജസ് വിമാനങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സുമായി വന്‍കരാറില്‍ ഒപ്പുവച്ചിരുന്നു. 2021ല്‍ ഒപ്പുവച്ച 83 തേജസ് എംകെ-1എ വിമാനങ്ങളുടെ കരാറും നിലവിലുണ്ട്, എന്നാല്‍ വിതരണം വൈകിയിരിക്കുകയാണ്.

ഇന്ത്യയുടെ പോര്‍ വിമാനം തേജസ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്ന് വീണ സംഭവത്തില്‍ കാരണം കണ്ടെത്താന്‍ കോര്‍ട്ട് ഓഫ് ഇന്‍ക്വയറിയെ നിയമിച്ചതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു

അപകടത്തില്‍ പൈലറ്റ് മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.