ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നു; കടുത്ത നടപ്പാക്കല്‍ നടപടികള്‍

ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നു; കടുത്ത നടപ്പാക്കല്‍ നടപടികള്‍


കാന്‍ബറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ഉപയോഗിക്കുന്നതിനും ഡിസംബര്‍ 10 മുതല്‍ ഓസ്‌ട്രേലിയ നിരോധനം നടപ്പിലാക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ദീര്‍ഘസമയ സ്‌ക്രീന്‍ ഉപയോഗവും കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ 10- 15 പ്രായപരിധിയിലുള്ള 96 ശതമാനം കുട്ടികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും 70 ശതമാനം പേരും ഹിംസ, സ്ത്രീ വിരുദ്ധത, ഭക്ഷണാസക്തി രോഗങ്ങള്‍, ആത്മഹത്യ പ്രചാരം തുടങ്ങിയ ഹാനികരമായ ഉള്ളടക്കങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും കണ്ടെത്തി. ഏഴ് കുട്ടികളില്‍ ഒരാള്‍ ഗ്രൂമിംഗ് സ്വഭാവമുള്ള സമീപനങ്ങള്‍ നേരിട്ടതായി പറയുന്നു. പകുതിയിലേറെ പേര്‍ സൈബര്‍ബുള്ളിയിംഗ് ഇരകളുമാണ്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, ത്രെഡ്‌സ്, ടിക്ടോക്, എക്‌സ്, യുട്യൂബ്, റെഡ്ഡിറ്റ്, കിക്ക്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഓണ്‍ലൈന്‍ ഗെയിമിംഗിനെയും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യങ്ങള്‍ ഉയരുകയാണ്. റൊബ്ലോക്‌സ്, ഡിസ്‌കോര്‍ഡ്  എന്നിവ ഇതിനകം പ്രായ പരിശോധന സംവിധാനം ഭാഗികമായി അവതരിപ്പിച്ചിട്ടുണ്ട്. 

നിയമലംഘനത്തിന് ഉപയോക്താക്കളെയല്ല ശിക്ഷിക്കുക. പിഴവിന് ഉത്തരവാദികളാവുക കമ്പനികളായിരിക്കും. ആവര്‍ത്തിച്ചോ ഗൗരവപരമായോ ലംഘനങ്ങള്‍ക്ക് 49.5 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്തും.

പ്ലാറ്റ്ഫോമുകള്‍ 'യുക്തിസഹമായ പ്രായ സ്ഥിരീകരണ നടപടികള്‍' നിര്‍ബന്ധമായും ഉപയോഗിക്കണം. സര്‍ക്കാര്‍ ഐഡി, മുഖം/ ശബ്ദം തിരിച്ചറിയല്‍, പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രായ നിര്‍ണ്ണയം തുടങ്ങിയ നടപടികളാണ് സ്വീകരിക്കേണ്ടത്. ഉപയോക്താക്കളുടെ സ്വയം പ്രായ പ്രഖ്യാപനവും മാതാപിതൃ സാക്ഷ്യവും ആശ്രയിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മെറ്റ ഡിസംബര്‍ 4 മുതല്‍ ടീന്‍ അക്കൗണ്ടുകള്‍ അടയ്ക്കുമെന്നു പ്രഖ്യാപിച്ചു.

നിയന്ത്രണം എത്രത്തോളം ഫലപ്രദമാകുമെന്നതില്‍ വിദഗ്ധര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ പഠനത്തില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ലക്ഷ്യമിടുന്ന പ്രായവിഭാഗത്തിന് തന്നെ ഏറ്റവും കുറവ് കൃത്യതയുള്ളതിനാല്‍ തെറ്റായ നിരോധനങ്ങളും ഒഴിവുകളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

50 മില്യണ്‍ ഡോളര്‍ പിഴ വലിയ കമ്പനികള്‍ക്ക് ബുദ്ധിമുട്ടാവില്ലെന്നും സംശയമുണ്ട്. മെറ്റയ്ക്ക് ഇത്ര തുക നേടാന്‍ രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയം മതിയാകുമെന്ന് മുന്‍ ഫേസ്ബുക്ക് എക്‌സിക്യൂട്ടീവുകളില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി.

പ്രായ പരിശോധനയ്ക്കായി ശേഖരിക്കേണ്ട സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗത്തിനും ഡേറ്റ ചോര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാണ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്ന പ്രൊഫൈല്‍ ഡേറ്റ ചോര്‍ച്ചകള്‍ ഉണ്ടായിട്ടുള്ളതും വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇതിന് മറുപടിയായി സര്‍ക്കാര്‍ ഡേറ്റ പ്രായ പരിശോധനയ്ക്ക് മാത്രം ഉപയോഗിക്കണമെന്നും പരിശോധനയ്ക്ക് ശേഷം നിര്‍ബന്ധമായും നശിപ്പിക്കണമെന്നും ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ ഐഡി ഉപയോഗിക്കാത്ത പ്രായ പരിശോധന മാര്‍ഗവും പ്ലാറ്റ്ഫോമുകള്‍ നല്‍കണമെന്നുമുള്ള ശക്തമായ സംരക്ഷണ നടപടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരോധനം പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയ കമ്പനികള്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

ഇത്തരം നടപടികള്‍ നടപ്പാക്കുക പ്രയാസകരമാണെന്നും കുട്ടികള്‍ക്ക് ഇത് എളുപ്പത്തില്‍ മറികടക്കാമെന്നും ഉപയോക്തൃ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും സോഷ്യല്‍ ഇടപെടലുകളില്‍ നിന്നും നിരവധി ടീനേജര്‍മാര്‍ ഒറ്റപ്പെടുമെന്നും അവര്‍ വാദങ്ങള്‍ ഉയര്‍ത്തി. 

യൂയ്ടൂബ്, സ്‌നാപ് എന്നിവ തങ്ങള്‍ സോഷ്യല്‍ മീഡിയയല്ലെന്ന വാദം മുന്നോട്ടുവെച്ചു. ഗൂഗള്‍ നിരോധനത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള പൂര്‍ണ്ണ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. 

ഹാനികരമായ ഉള്ളടക്കം തടയാനുള്ള കടുത്ത പിഴയും ശിക്ഷയും യു കെയിലും 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നിരോധനം ശുപാര്‍ശ ചെയ്ത് ഫ്രാന്‍സും ഇത്തരം നിയമങ്ങള്‍ ആലോചിച്ച് ഡെന്‍മാര്‍ക്കും നോര്‍വേയും 16 വയസ്സിന് താഴെയുള്ളവര്‍ക്ക് രക്ഷിതാനുമതി നിര്‍ബന്ധമാക്കുന്ന ബില്‍ സ്‌പെയിനും അവതരിപ്പിക്കാന്‍ രംഗത്തുണ്ട്. യൂട്ടായില്‍ നിരോധന ശ്രമം കോടതി തടഞ്ഞു.

ടീനേജര്‍മാരില്‍ പലരും നിരോധനത്തിന് മുമ്പേ വ്യാജ പ്രായം രേഖപ്പടുത്തി പുതിയ അക്കൗണ്ടുകള്‍ തുറക്കുകയാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.