അമേരിക്കയിലെ താങ്ങാനാവാത്ത ചികിത്സാ ചെലവുകള്‍ ജീവിതത്തെ കുഴപ്പത്തിലാക്കിയതോടെ, 17 വര്‍ഷത്തെ പ്രവാസജീവിതം ഉപേക്ഷിച്ച് എന്‍ആര്‍ഐ ദമ്പതികള്‍ കുടുംബസമേതം ഇന്ത്യയിലേക്ക് മടങ്ങി. അവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അമേരിക്കയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനമാണ് തങ്ങളെ സാമ്പത്തികമായി തളര്‍ത്തിയതെന്ന് ഇരട്ടക്കുട്ടികള്‍ ഉള്ള ദമ്പതികള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. 'ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഡിഡക്ടിബിള്‍ തുക നല്‍കിയേ പറ്റൂ. ഡോക്ടറെ ഓരോ തവണ കാണുമ്പോഴും പരിശോധനകള്‍ക്കും ഇങ്ങനെ പണം ചെലവാക്കേണ്ടിവരുമെന്ന് വീഡിയോയോടൊപ്പം നല്‍കിയ വ്യാഖ്യാനത്തില്‍ പറയുന്നു.
ദമ്പതികളുടെ വെളിപ്പെടുത്തല്‍ പ്രകാരം, അവര്‍ വര്‍ഷം തോറും ഇന്‍ഷുറന്‍സ് ഡിഡക്ടിബിള്‍ ഇനത്തില്‍ മാത്രം 14,000 ഡോളര്‍ ചെലവാക്കണം. അതിന് പുറമേ അവര്‍ക്കു ലഭിച്ച ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 1,600 ഡോളര്‍ വരും, ഇരട്ടക്കുട്ടികള്‍ക്കുള്ള ഇന്‍ഷുറന്‍സ് ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
'ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും ചെലവേറിയതും സമയം നഷ്ടപ്പെടുത്തുന്നതും മാനസികഭാരം സൃഷ്ടിക്കുന്നതുമായിരുന്നു. സഹായിക്കാന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് തന്നെയാണ് ആശ്വാസകരമായ വഴിയെന്ന് തോന്നിയെന്ന് ദമ്പതികള്‍ പറഞ്ഞു.
ഇന്ത്യയില്‍ എത്തിയതോടെ ആരോഗ്യപരിചരണം ആഢംബരചെലവു പോലെ തോന്നിയിരുന്നില്ലെന്നും മികച്ച ഡോക്ടര്‍മാരുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള അവസരവും വീട്ടുകാരുടെ സഹായവും ജീവിതത്തില്‍ വീണ്ടും സമത്വവും സമാധാനവും കൊണ്ടുവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പിന്തുണ
വീഡിയോ ഇതിനകം 16 ലക്ഷത്തിലധികം പേര്‍ കണ്ടു. വിദേശത്തും സ്വദേശത്തുമുള്ളവരുടെ ഭൂരിഭാഗം പ്രതികരണങ്ങളും ദമ്പതികളുടെ തീരുമാനത്തെ പിന്തുണക്കുന്നതാണ്.
അമേരിക്കയില്‍ ആരോഗ്യപരിചരണം മാത്രമല്ല, ജീവിതത്തെ ബുദ്ധിമുട്ടാക്കുന്ന അനവധി പ്രശ്‌നങ്ങള്‍, ഉണ്ടെന്ന് ഒരാള്‍ പ്രതികരിച്ചു.
'ഇരു രാജ്യങ്ങള്‍ക്കും ഗുണദോഷങ്ങള്‍ ഉണ്ട്, പക്ഷേ ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇന്ത്യ നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
'അമേരിക്കയില്‍ ഞാന്‍ അറിയുന്ന ഒരാളുടെ അപെന്‍ഡിക്‌സ് സര്‍ജറിക്ക് 45,000 ഡോളര്‍ ചെലവായെന്നും. ഇന്ത്യയില്‍ ഇതിന് 30,000 രൂപ മാത്രമേ വേണ്ടിവന്നുള്ളുവെന്നും ഒരു ഉപയോക്താവ് സ്വന്തം അനുഭവം പങ്കുവെച്ചു.
50 രൂപയ്ക്ക് ചികിത്സ: അമേരിക്കന്‍ വനിതയുടെ അനുഭവവും വൈറല്‍
ഇതിനിടയില്‍, ഇന്ത്യയിലെ ആരോഗ്യപരിചരണം പ്രശംസിച്ച മറ്റൊരു വീഡിയോയും വൈറലായി. നാല് വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കക്കാരിയായ ക്രിസ്റ്റന്‍ ഫിഷര്‍ ആണ് സ്വന്തം അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോ പുറത്തുവിട്ടത്.
'വിരല്‍ മുറിഞ്ഞു രക്തം വാര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ സൈക്കിളില്‍ ആശുപത്രിയിലെത്തി. 45 മിനിറ്റിനകം പരിചരണം കഴിഞ്ഞു, സ്റ്റിച്ചുകള്‍ ഒന്നും വേണ്ടിവന്നില്ല, 50 രൂപ മാത്രം നല്‍കി വീട്ടിലെത്തിയെന്നും ക്രിസ്റ്റന്‍ ഫിഷര്‍ പറഞ്ഞു.
ആരോഗ്യസേവനത്തിലെ ലാളിത്യവും ചെലവുകുറവും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പരപ്പിക്കുന്നതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ താങ്ങാനാകാത്ത ആരോഗ്യ സംരക്ഷണ ചെലവുകളില്‍ മടുത്ത ദമ്പതികള്‍ 17 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി
