ന്യൂയോര്‍ക്ക് : കെനഡി കുടുംബത്തിലെ അംഗവും കരോളിന്‍ കെനഡിയുടെ മകളും ആയ തതിയാനാ സ്ലോസ്ബര്‍ഗ് (35) ടെര്‍മിനല്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തി. ദി ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച സ്വന്തം ആത്മകഥാപരമായ ലേഖനത്തിലൂടെയാണ് അവര്‍ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ മകള്‍ക്ക് ജന്മം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് അക്യൂട്ട് മൈലോയ്ഡ് ല്യൂക്കീമിയ ബാധിതയാണെന്ന് കണ്ടെത്തിയത്.
ജനനശേഷം നടത്തിയ സാധാരണ പരിശോധനയില്‍ വെള്ളരക്താണുക്കളുടെ സംഖ്യയില്‍ അസാധാരണത കണ്ടെത്തിയതോടെയാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയയായത്. 'ഇന്‍വര്‍ഷന്‍ 3' എന്ന് അറിയപ്പെടുന്ന അപൂര്‍വ ജനിതക മ്യൂട്ടേഷനാണ് രോഗത്തിന് പിന്നില്‍-എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
'ഞാനാണ് രോഗിയെന്ന് അവര്‍ പറയുമ്പോള്‍ വിശ്വസിക്കാനാവില്ലായിരുന്നു. ഒന്നു ദിവസം മുമ്പ് ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ പോലും ഒരു മൈല്‍ നീന്തിയിരുന്നു. എനിക്ക് ഒരു അസ്വസ്ഥതപോലുമുണ്ടായിരുന്നില്ല,'- ലേഖനത്തില്‍ സ്ലോസ്ബര്‍ഗ് എഴുതുന്നു.
രോഗനിര്‍ണയത്തിന് പിന്നാലെ ന്യൂയോര്‍ക്ക് കൊളംബിയ-പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ അഞ്ചാഴ്ചയും പിന്നീട് മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിനായി ചികിത്സയും സ്വീകരിച്ചു. വീട്ടില്‍ തന്നെ കെമോതെറാപ്പിയും തുടര്‍ന്ന് ജനുവരി മുതല്‍ കാര്‍-ടി സെല്‍ തെറാപ്പി ക്ലിനിക്കല്‍ പരിശോധനയില്‍ പങ്കെടുത്തെങ്കിലും, വെറും ഒരു വര്‍ഷം മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എട്ട് വര്‍ഷമായി ഒപ്പമുള്ള ഭര്‍ത്താവ് ജോര്‍ജ് മോറാന്‍ ചികിത്സയുടെ മുഴുവന്‍ ഘട്ടങ്ങളിലും തുണയായി നിന്നതായി സ്ലോസ്ബര്‍ഗ് പറയുന്നു. 'ഞാന്‍ സംസാരിക്കാന്‍ താല്പര്യമില്ലാത്ത എല്ലാ ഡോക്ടര്‍മാരോടും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥരോടും ജോര്‍ജ് സംസാരിച്ചു. ആശുപത്രിയിലെ നിലത്ത് കിടന്ന് ഉറങ്ങി,'- അവര്‍ എഴുതുന്നു.
മൂന്ന് വയസ്സുള്ള മകനും ഒന്‍പത് മാസം പ്രായമായ മകളുമാണ് അവര്‍ക്കുള്ളത്. കോണ്‍ഗ്രസിലേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്ന സഹോദരന്‍ ജാക്ക് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടികളെ വളര്‍ത്തിയും ചികിത്സയ്‌ക്കൊപ്പം നിന്നുമാണ് പിന്തുണ നല്‍കിയതെന്ന് അവള്‍ പറയുന്നു.
ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മകളോടൊപ്പമുള്ള നിമിഷങ്ങള്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് താന്‍ എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
ടെര്‍മിനല്‍ ക്യാന്‍സര്‍ പിടിപെട്ടതായി വെളിപ്പെടുത്തി കരോളിന്‍ കെനഡിയുടെ മകള്‍ തതിയാനാ സ്ലോസ്ബര്‍ഗ്
