ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയായ ആധാര്‍ ഇനി വലിയ മാറ്റങ്ങളിലേക്ക്. ആധാര്‍ കാര്‍ഡില്‍ അച്ചടിച്ചിരുന്ന വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, സുരക്ഷിതമായ ക്യുആര്‍ കോഡും മുഖം തിരിച്ചറിയലും മാത്രമായിരിക്കും ഇനി പരിശോധനയുടെ അടിസ്ഥാനമെന്ന് UIDAI അറിയിച്ചു.
വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗത്തിന് ഇടയാകുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഈ പുന:ക്രമീകരണം. ഹോട്ടലുകള്‍, ഇവെന്റ് ഓര്‍ഗനൈസര്‍മാര്‍, ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആധാര്‍ ഫോട്ടോക്കോപ്പികളിലൂടെ പ്രധാന വിവരങ്ങള്‍ ചോര്‍ന്നുപോകുന്ന സാഹചര്യം മാറാനാണ് ഈ നീക്കം.
ഫോട്ടോയും ക്യുആര്‍ കോഡും മാത്രം
വിലാസം, ജനനത്തീയതി തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി അച്ചടിച്ചിട്ടുള്ളതാണ് നിലവിലെ ആധാര്‍ കാര്‍ഡുകള്‍. ഈ വിവരങ്ങള്‍ അനവധി ഡാറ്റാബേസുകളിലേക്കും ഫോട്ടോക്കോപ്പികളുടെ കൂട്ടങ്ങളിലേക്കും പകര്‍ന്നു പോകുന്നത് തട്ടിപ്പിന് വഴിയൊരുക്കുന്നുവെന്ന് UIDAI ചൂണ്ടിക്കാട്ടുന്നു.
'സെന്‍സിറ്റീവ് വിവരങ്ങള്‍ ഇപ്പോള്‍ ക്യുആര്‍ കോഡിനുള്ളില്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കും. ആധാര്‍ കാര്‍ഡിനെ സര്‍വോപരി തിരിച്ചറിയല്‍ രേഖയായി ഉപയോക്താക്കള്‍ കാണുന്ന സമീപനം മാറണമെന്ന് UIDAI സിഇഒ ഭുവനേശ് കുമാര്‍ പറഞ്ഞു.
ഓഫ്‌ലൈന്‍ പരിശോധനക്ക് വിരാമം
മുന്നോട്ടുള്ള കാലത്ത് ആധാര്‍ കാര്‍ഡ് ഫോട്ടോക്കോപ്പി നല്‍കുന്ന രീതിക്ക് വിരാമമാകും. ഹോട്ടലുകള്‍, ബാങ്കുകള്‍, സിനിമാ തീയറ്ററുകള്‍, ഫഌറ്റ് സമുച്ചയങ്ങള്‍-എവിടെയായാലും പരിശോധന ഓണ്‍ലൈനായിരിക്കും.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനെ തുടര്‍ന്ന് കാര്‍ഡുടമ ക്യാമറയില്‍ മുഖം കാണിക്കണം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ UIDAI സിസ്റ്റം മുഖസാദൃശ്യം പരിശോധിച്ച് വ്യക്തിയുടെ തിരിച്ചറിയല്‍, വയസ്, സാന്നിധ്യം എന്നിവ സ്ഥിരീകരിക്കും. ഇത് പേരു ചേര്‍ത്തു വരിക, പ്രായം മറച്ച് പ്രവേശനം നേടുക തുടങ്ങിയ തട്ടിപ്പുകള്‍ കഴിയാവുന്ന വിധം തടയും.
രാജ്യത്തെ തിരിച്ചറിയല്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന ഈ പരിഷ്‌കരണത്തിന് ഉടന്‍ തുടക്കമാകും.
