യുക്രെയ്ന്‍ സമാധാനം: ജനീവ ചര്‍ച്ചകളില്‍ മുന്നേറ്റമെന്ന് അമേരിക്ക

യുക്രെയ്ന്‍ സമാധാനം: ജനീവ ചര്‍ച്ചകളില്‍ മുന്നേറ്റമെന്ന് അമേരിക്ക


ജനീവ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ജനീവ ചര്‍ച്ചകള്‍ക്ക് പുതിയ തിളക്കം നല്‍കിക്കൊണ്ട്, 'ഗണ്യമായ മുന്നേറ്റം' സംഭവിച്ചുവെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുകയാണ്. നാലാം വര്‍ഷത്തിലേക്ക്് കടക്കുന്ന യുദ്ധത്തിന്റെ അവസാനം കണ്ടെത്തുന്നതിനായി നടത്തിയ മണിക്കൂറുകളോളം നീണ്ട രഹസ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെ, ഒരു പുതുക്കിയ സമാധാനരേഖ തയ്യാറാക്കിയതായി വാഷിംഗ്ടണും കിയവും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ ഡെലിഗേഷനെ നയിച്ചത് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആയിരുന്നു. യൂറോപ്യന്‍ പ്രതിനിധികളോടൊപ്പം അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികള്‍ക്കായി നിലപാടുകള്‍ അടുത്തുവരുന്നതായി സൂചിപ്പിച്ചു.

നവംബര്‍ 27നകം കരാര്‍ അംഗീകരിക്കണം എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ചര്‍ച്ചകളില്‍ സമ്മര്‍ദ്ദത്തിന് ഇടയാക്കിയിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ പുറത്ത് വന്ന കരാര്‍ രൂപരേഖയില്‍, യുക്രെയ്!ന്‍ അധീന പ്രദേശങ്ങള്‍ വിട്ടുകൊടുക്കണം, സൈനികശേഷി കുറയ്ക്കണം, നേറ്റോ അംഗത്വലക്ഷ്യം ഉപേക്ഷിക്കണം എന്നീ വ്യവസ്ഥകള്‍ ഉണ്ടായിരുന്നത് കീവില്‍ ശക്തമായ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച പുറത്തുവന്ന സംയുക്ത പ്രസ്താവന ചര്‍ച്ചകളില്‍ ചില കടുത്ത നിബന്ധനകളില്‍ അയവു വരുത്തിയതായി സൂചനയുണ്ട്. 'നിര്‍മ്മണാത്മകവും കേന്ദ്രീകൃതവും പരസ്പര ബഹുമാനത്തോടെയും നടന്ന ചര്‍ച്ചകളിലൂടെ പുതുക്കിയ, മെച്ചപ്പെടുത്തിയ കരാര്‍രേഖ തയ്യാറായി,' എന്നാണ് പുതിയ പ്രഖ്യാപനം. നിലപാടുകള്‍ ഏകീകരിക്കാന്‍ വഴിയൊരുക്കുകയും മുന്നോട്ടുള്ള വ്യക്തമായ നടപടികളെ കുറിച്ച് ധാരണയിലാകുകയും ചെയ്തതായി സംയുക്ത പ്രസ്താവന വ്യക്തമാക്കി.

യുക്രെയ്‌നിന്റെ സമ്പൂര്‍ണ മേല്‍ക്കൈ അന്തിമ കരാറില്‍ ഉറപ്പാക്കണമെന്ന ആവശ്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞതോടെ, മുന്‍ കരടുകളില്‍ റഷ്യന്‍ അവകാശങ്ങള്‍ക്കായി വഴങ്ങുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഒരു പുതിയ ശബ്ദം ഉയര്‍ന്നുവെന്നാണ് വിദേശകാര്യ നിരീക്ഷകരുടെ വിലയിരുത്തല്‍. സമാധാനപ്രക്രിയയില്‍ യുക്രെയ്‌ന്റെ മേല്‍ക്കൈയും സുരക്ഷയും ഭാവിയും ഉറപ്പിക്കണമെന്ന നിലപാട് റൂബിയോയും സംഘവും വീണ്ടും വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള വഴിയില്‍, നീതിയുടെയും സ്ഥിരതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഒരു കരാറിനായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നീങ്ങുന്നുവെന്നതിന് ജനീവയിലെ ഈ ചര്‍ച്ചകള്‍ പുതിയ തെളിവായിത്തീര്‍ന്നിരിക്കുകയാണ്.