വാഷിംഗ്ടണ്‍: ഈ വര്‍ഷം അമേരിക്കയിലെ മുന്‍നിര സാങ്കേതിക കമ്പനികള്‍ പുതുതായി സമര്‍പ്പിച്ച എച്ച് 1 ബി വിസ അപേക്ഷകളില്‍ യു എസ് കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇന്ത്യന്‍ ഐ ടി കമ്പനികളില്‍ ഇടിവ് രേഖപ്പെടുത്തി. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ടെക് മേഖലകളില്‍ വിദഗ്ധരായ വിദേശ ജീവനക്കാരുടെ ആവശ്യകത ഉയര്‍ന്നതിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നു.
നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആമസോണ്‍ 4,644 അംഗീകാരങ്ങളോടെ ഒന്നാം സ്ഥാനവും മെറ്റ പ്ലാറ്റ്ഫോംസ്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കി. ആപ്പിള്‍ ആറാം സ്ഥാനത്താണുള്ളത്. ഇതാദ്യമായാണ് യു എസ് ടെക് ഭീമന്മാര്‍ ഒരേ സമയം ടോപ് 4 സ്ഥാനങ്ങള്‍ പിടിച്ചടക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ഐ ടി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ തിരിച്ചടിയാണ് രേഖപ്പെടുത്തിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്സ് (ടിസിഎസ്), എല്‍ടിഐ മൈന്റ്ട്രീ, എച്ച്‌സിഎല്‍ അമേരിക്ക എന്നീ മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ മാത്രമാണ് ടോപ്-25 പട്ടികയില്‍ തുടരുന്നത്. മുന്‍നിരയിലെ ഏഴ് ഇന്ത്യന്‍ ഐ ടി സ്ഥാപനങ്ങള്‍ക്കു ലഭിച്ച 4,573 അംഗീകാരങ്ങള്‍ 2015-നേക്കാള്‍ 70 ശതമാനം കുറവാണ്. 2024-നോട് താരതമ്യം ചെയ്താലും 37 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യു എസ് ടെക് സ്ഥാപനങ്ങള്‍ എഐ മേഖലയില്‍ ഉയരുന്ന ആവശ്യകത നിറവേറ്റാന്‍ നിയമന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്ന് എന്‍എഫ്എപി വ്യക്തമാക്കുന്നു.
ടെക് മേഖലയില്‍ നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ആല്‍ഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ 2025-ല്‍ അടങ്ങുന്ന ക്യാപിറ്റല്‍ ചെലവുകള്‍ 380 ബില്യണ്‍ ഡോളര്‍ കവിഞ്ഞെത്തുമെന്നാണ് സി എന്‍ ബി സി റിപ്പോര്‍ട്ട്. ചെലവ് കുറവുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നീക്കം മാത്രമല്ല ഇത്. എഐ ഗവേഷണവും അടിസ്ഥാന സൗകര്യ നിര്‍മ്മാണവും വര്‍ധിപ്പിക്കാനുള്ള പ്രതിബദ്ധതയാണിതെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു.
മികച്ച നൈപുണ്യമുള്ള വിദേശ പൗരന്മാര്‍ക്ക് അമേരിക്കയില്‍ ദീര്‍ഘകാലം ജോലി ചെയ്യാന്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗങ്ങളില്‍ ഒന്നാണ് എച്ച് 1 ബി വിസ. യു എസ് സര്‍വകലാശാലകളിലെ എഐയുമായി ബന്ധപ്പെട്ട മേഖലകളില്‍ പഠിക്കുന്നവരില്‍ ഏകദേശം 70 ശതമാനവും അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ്. വിസയുടെ വാര്‍ഷിക പരിധി 65,000 ആയതിനാല്‍ യു എസ് സര്‍വകലാശാലകളില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ അതിനു മുകളിലുള്ള യോഗ്യത നേടിയവര്‍ക്ക് 20,000 അധിക വിസകള്‍ അനുവദിക്കപ്പെടുന്നു. സര്‍ക്കാരിന് അടയ്‌ക്കേണ്ട ഫീസുകള്‍ 6,000 ഡോളറില്‍ കൂടുതലായും അമേരിക്കന്‍ ജീവനക്കാരുടെ നിലവാരത്തിന് തുല്യമായ ശമ്പളം നല്‍കുന്നതും തൊഴിലുടമകള്‍ക്ക് നിയമപരമായ ബാധ്യതയായും തുടരുന്നു.
2025-ല്‍ പുതിയ വിസ അപേക്ഷകളുടെ നിഷേധനിരക്ക് 2.8 ശതമാനമായി ഉയര്‍ന്നെങ്കിലും മുന്‍കാലത്ത് രേഖപ്പെടുത്തിയ നിരക്കുകളേക്കാള്‍ ഇത് വളരെ താഴെയാണ്. ആകെ 1,14,806 പുതിയ അപേക്ഷകളും 2,91,542 തുടര്‍ തൊഴില്‍ അപേക്ഷകളുമാണ് 2025ല്‍ സമര്‍പ്പിക്കപ്പെട്ടത്. തുടര്‍ നിയമനങ്ങളില്‍ ആമസോണ്‍ 14,532 അംഗീകാരങ്ങളുമായി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. തുടര്‍ന്ന് ടി സി എസ്, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍ എന്നിവയാണ് തുടര്‍ സ്ഥാനങ്ങള്‍ കൈവരിച്ചത്.
