വാഷിംഗ്ടണ്‍: ഇന്ത്യയുടെ മുന്‍നിര ഐ ടി സ്ഥാപനങ്ങളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി സി എസ്) വിപ്രോയും അമേരിക്കയില്‍ പുതിയ പേറ്റന്റ് കേസുകളില്‍. ന്യൂ മെക്‌സിക്കോയിലെ അല്‍ബുകര്‍കിയിലെ കാലിബ്രേറ്റ് നെറ്റ്‌വര്‍ക്കിനും ഫ്ളോറിഡ ആസ്ഥാനമായ മൊബിലിറ്റി വര്‍ക്‌സിനും കഴിഞ്ഞ 45 ദിവസത്തിനിടെ ഫയല്‍ ചെയ്ത കേസുകളാണിത്. ക്ലൗഡ് മാനേജ്‌മെന്റ്, ടെലികോം നെറ്റ്വര്‍ക്ക് ടെക്‌നോളജി എന്നിവയുമായി ബന്ധപ്പെട്ട പേറ്റന്റുകളാണ് തര്‍ക്കത്തിന്റെ കാരണം.
ഒക്ടോബര്‍ 28-ന് ടെക്സസിലെ ഒരു ജില്ലാ കോടതിയിലെ മാര്‍ഷല്‍ ഡിവിഷനിലാണ് കാലിബ്രേറ്റ് നെറ്റ്‌വര്‍ക്ക്‌സ് ടി സി എസിനെതിരെ കേസ് ഫയല്‍ ചെയ്തത്. സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ നെയിമുകള്‍ രഹസ്യമായി മാറ്റുന്ന സാങ്കേതികവിദ്യ ടി സി എസ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തതായി അവര്‍ ആരോപിക്കുന്നു. ഈ സാങ്കേതികവിദ്യ കാലിബ്രേറ്റ് നെറ്റ്വര്‍ക്ക്‌സിന്റെ പേറ്റന്റിന്റെ ഭാഗമാണെന്നും ടി സി എസ് അനുമതിയില്ലാതെ അത് ഉപയോഗിച്ചതാണെന്നും കേസ് പറയുന്നു.
കാലിബ്രേറ്റ് നെറ്റ്വര്‍ക്ക്‌സിന്റെ ആരോപണമനുസരിച്ച് ടി സി എസിന് പേറ്റന്റ് ലംഘനം സംബന്ധിച്ച നേരിട്ടുള്ള അറിവുണ്ടായിട്ടും അവര്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടര്‍ന്നുവെന്നതാണ് കേസിലെ പ്രധാന കുറ്റം. ടി സി എസ് തങ്ങളുടെ ഉപഭോക്താക്കളെയും ഇതേ പേറ്റന്റ് ലംഘനത്തിലേക്ക് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മൊബിലിറ്റി വര്‍ക്‌സ് നവംബര്‍ 18ന് ടെക്സസിലെ ഷെര്‍മന്‍ ഡിവിഷനില്‍ വിപ്രോക്കെതിരെയും സമാനമായ പരാതി ഫയല്‍ ചെയ്തു. വയര്‍ലെസ് ടെസ്റ്റിംഗ്, സെല്ലുലാര്‍ നെറ്റ്വര്‍ക്ക് ആക്‌സസ്, 5ജി ടെസ്റ്റിംഗ് സര്‍വീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പേറ്റന്റുകള്‍ വിപ്രോ ലംഘിച്ചതായി മൊബിലിറ്റി വര്‍ക്‌സ് ആരോപിക്കുന്നു. വിപ്രോ തങ്ങളുടെ ഉപഭോക്താക്കളെയും ഈ പേറ്റന്റുകള്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അവരുടെ കുറ്റപത്രം.
വരുമാന കുറവ് നേരിട്ട് നില്‍ക്കുന്ന സാഹചര്യത്തിലാണ് ടി സി എസ്, വിപ്രോ എന്നീ സ്ഥാപനങ്ങള്‍ക്ക് ഈ പുതിയ കേസുകള്‍ കൂടി പ്രതിസന്ധി സൃഷ്ടിക്കുന്നത്. സാമ്പത്തിക നഷ്ടപരിഹാരങ്ങള്‍ നല്‍കേണ്ടി വന്നാലും ഇത്തരം കേസുകള്‍ അവരുടെ ഡീല്‍- വിജയശേഷിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
