ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സ്വദേശിനിയായ ഇന്ത്യന്‍ വനിതയുടെ പാസ്പോര്‍ട്ട് അസാധുവാണെന്ന ' കാരണം ചൂണ്ടിക്കാട്ടി ചൈനീസ് അധികാരികള്‍ ഷാങ്ഹായ് പുതോംഗ് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ഇന്ത്യ ബെയ്ജിംഗിനോട് കര്‍ശനമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി.
ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഷാങ്ഹായിലൂടെ ട്രാന്‍സിറ്റ് ചെയ്ത പ്രേമ വാങ്‌ജോം തോംഗ്ഡോക്കിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ചൈനീസ് ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന ബെയ്ജിംഗിന്റെ അവകാശവാദമാണ് അവര്‍ മുന്നോട്ടുവച്ചത്.
സംഭവത്തില്‍ ചൈനയുടെ നടപടിയെ ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിച്ചു. അരുണാചല്‍ പ്രദേശ് തര്‍ക്കരഹിതമായ ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടുത്തെ നിവാസികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കാനും അത് ഉപയോഗിച്ച് യാത്ര ചെയ്യാനും പൂര്‍ണ്ണ അവകാശമുണ്ടെന്നും ഉറവിടങ്ങള്‍ വിശദീകരിച്ചു.
സംഭവത്തെ തുടര്‍ന്ന് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു.
ചൈനയുടെ ഈ പ്രവര്‍ത്തനം അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നും ന്യൂഡല്‍ഹി ചൂണ്ടിക്കാട്ടി.. ''വ്യോമയാനവുമായി ബന്ധപ്പെട്ട ഷിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകളെ ചൈനീസ് അധികാരികളുടെ നടപടി ലംഘിക്കുന്നു,'' ഉറവിടങ്ങള്‍ വ്യക്തമാക്കി.
ഇരു രാഷ്ട്രങ്ങളും അതിര്‍ത്തി മേഖലയിലെ സാധാരണാവസ്ഥ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരിക്കെ ഈ സംഭവങ്ങള്‍ പ്രക്രിയയെ പിന്നോട്ടടിപ്പിക്കുന്നതാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. 'സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇരുപക്ഷവും ശ്രമിക്കുന്ന സമയത്താണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചൈന അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്,'' ഉറവിടങ്ങള്‍ പറഞ്ഞു.
മുമ്പും ചൈന അരുണാചലുകാരെ സ്റ്റാപ്പില്‍ വിസ നല്‍കി യാത്ര തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ കളിക്കാരെ തടഞ്ഞുവെച്ചതുമെല്ലാം ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.
