തിരുവനന്തപുരം: വഞ്ചിയൂര്‍ കുന്നുംപുറത്ത് ഉണ്ടായ കുടുംബകലഹത്തിനിടെ പിതാവ് കമ്പിപ്പാരകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരുക്കേറ്റ മകന്‍ ആശുപത്രിയില്‍ മരിച്ചു.
കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്ക്(28) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയിലാണ് ഹൃദ്ദിക്കിനെ പിതാവ് വിനയാനന്ദ് (52) കമ്പിപ്പാര കൊണ്ട്തലയ്ക്ക് പിന്നില്‍ അടിച്ചത്.
ഒക്ടോബര്‍ 9നായിരുന്നു അച്ഛനും മകനും തമ്മിലുള്ള സംഘര്‍ഷം. തലയ്‌ക്കേറ്റ ുരുതര പരുക്കിനെ തുടര്‍ന്ന് ഹൃദ്ദിക്ക് ഐസിയുവില്‍ ചികിത്സയിലായിരുന്നു. സംഭവത്തിനു പിന്നാലെ വിനയാനന്ദ് സ്വയം പൊലീസ് മുമ്പാകെ കീഴടങ്ങി.
മാതാപിതാക്കള്‍ക്ക് നേരെ അക്രമം നടത്തുന്നത് ഹൃദ്ദിക്കിന്റെ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതിയ ബൈക്ക് വാങ്ങിത്തരണമെന്ന് സ്ഥിരമായി ആവശ്യപ്പെടുന്ന ഹൃദ്ദിക്കിനായി അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21നുള്ള തന്റെ ജന്മദിനത്തിന് മുമ്പ് 50 ലക്ഷം രൂപ വിലയുള്ള രണ്ട് ആഡംബര ബൈക്കുകള്‍ കൂടി ആവശ്യപ്പെട്ടതോടെ വീണ്ടും വഴക്കും അക്രമവും വഷളായി.
വെട്ടുകത്തിയുമായി ആദ്യം ആക്രമിച്ചത് ഹൃദ്ദിക്കാണെന്നാണ് അമ്മ അനുപമ പൊലീസിന് നല്‍കിയ മൊഴി. ഇതോടെയാണ് വിനയാനന്ദ് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൃദ്ദിക്കിന്റെ തലയ്ക്ക് അടിയേറ്റത്. പരുക്കേറ്റ മകനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതും പിതാവുതന്നെയായിരുന്നു.
അമ്പതുലക്ഷത്തിന്റെ ബൈക്കിനുവേണ്ടി മാതാപിതാക്കളെ ആക്രമിച്ച മകനെ പിതാവ് തലയ്ക്കടിച്ചുകൊന്നു
