എട്ട് മാസം കൊണ്ട് വിവേക് രാമസ്വാമിയുടെ ആസ്തിയില്‍ 80 ശതമാനം വര്‍ധന

എട്ട് മാസം കൊണ്ട് വിവേക് രാമസ്വാമിയുടെ ആസ്തിയില്‍ 80 ശതമാനം വര്‍ധന


ഒഹിയോ: ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയുടെ ആസ്തി 80 ശതമാനം വര്‍ധിച്ചതായി ഫോബ്‌സ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025 നവംബറില്‍ അദ്ദേഹത്തിന്റെ ആസ്തി 1 ബില്യണ്‍ യു എസ് ഡോളറില്‍ നിന്ന് 1.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേവലം എട്ട് മാസങ്ങള്‍ക്കുള്ളിലാണ് ഈ വളര്‍ച്ചയുണ്ടായത്. 

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ്, ഒഹിയോ ഗവര്‍ണര്‍ പദവിയിലേക്ക് രാമസ്വാമി നീക്കം നടത്തുന്നത്. ഇതിനിടയിലാണ് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 

റിപ്പോര്‍ട്ട് പ്രകാരം വലിയ ഫാര്‍മ കമ്പനികള്‍ ഉപേക്ഷിച്ച മരുന്നുകള്‍ വാങ്ങി സാങ്കേതികവിദ്യ ഉപയോഗിച്ച് അവയുടെ മൂല്യം ഉയര്‍ത്തുക എന്ന ആശയത്തോടെ 2014-ല്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ ഫാര്‍മ കമ്പനി 'റോയുവന്റ് സയന്‍സസ്' ആണ് ഈ വലിയ വളര്‍ച്ചയ്ക്ക് പ്രധാന കാരണം.

2017-ല്‍ അല്‍സൈമേഴ്സ് മരുന്നിന്റെ ട്രയല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റോയുവന്റിന്റെ ഉപകമ്പനിയായ 'അക്‌സോവന്റ്' തകര്‍ന്നതോടെ രാമസ്വാമിക്ക് തന്റെ കമ്പനിയിലെ ഒരു വിഭാഗം വിറ്റൊഴിയേണ്ടി വന്നിരുന്നു.

തുടര്‍ന്നാണ് മാറ്റങ്ങളുണ്ടായത്. 2019-ല്‍ റോയുവന്റ് 10 ശതമാനം ഓഹരിയും അഞ്ച് ഉപകമ്പനികളുമാണ് ജപ്പാന്‍ കോണ്‍ഗ്ലോമറേറ്റ് സുമിറ്റോമോയ്ക്ക് വിറ്റത്. 2021-ല്‍ കമ്പനി പൊതു വിപണിയിലേക്ക് എത്തിയതോടെ വളര്‍ച്ച കൂടുതല്‍ വ്യക്തമായി.

2023-ല്‍ അദ്ദേഹം ബോര്‍ഡില്‍ നിന്ന് പിന്മാറിയെങ്കിലും ഇപ്പോഴും കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവില 72 ശതമാനം വരെ ഉയര്‍ന്നു. 2025 സെപ്റ്റംബറില്‍ ബ്രെപ്പോസിറ്റിനിബിന് ലഭിച്ച അനുകൂലമായ മൂന്നാം ഘട്ട പരീക്ഷണ ഫലം ഈ ഉയര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. 

40 വയസുകാരനായ രാമസ്വാമിയുടെ 1.8 ബില്യണ്‍ ഡോളറിന്റെ സമ്പത്തില്‍ നിന്ന് 1.21 ബില്യണ്‍ ഡോളര്‍ റോയുവന്റ് സയന്‍സസ് ഓഹരികളുടേതാണ്. കൂടാതെ, അദ്ദേഹം സ്ഥാപിച്ച 'ആന്റി-വോക്ക്' സ്ഥാപനമായ 'സ്ട്രൈവ് അസെറ്റ് മാനേജ്‌മെന്റ്'യിലെ 150 മില്യണ്‍ ഡോളറിന്റെ ഓഹരി വിഹിതവും മെഡികെയര്‍ സ്റ്റാര്‍ട്ടപ്പ് 'ചാപ്റ്റര്‍' ലെ 100 മില്യണ്‍ ഡോളറിന്റെ ഓഹരിയും അദ്ദേഹത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുന്നു.

ഒഹിയോ ഗവര്‍ണര്‍ പ്രചാരണത്തിനായി ഇതുവരെ 9.7 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. അതില്‍ വെറും 200,000 ഡോളര്‍ മാത്രമാണ് രാമസ്വാമി വ്യക്തിപരമായി നല്‍കിയിരിക്കുന്നത്  26 മില്യണ്‍ ഡോളര്‍ ചെലവഴിച്ചെങ്കിലും പരാജയപ്പെട്ട പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ നിന്നുള്ള 'പാഠം പഠിച്ചതിന്റെ' ഫലമായാണ് ഈ സാമ്പത്തിക ജാഗ്രത.