വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിലെ ജോലി സമ്മര്‍ദ്ദങ്ങളും കഠിനമായ സമയക്രമവും കാരണം തനിക്ക് പോസ്റ്റ്-ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) പിടിപെട്ടതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് വെളിപ്പെടുത്തി. ദി ഡെയിലി മെയിലിനോട് സംസാരിക്കവെ കുടുംബത്തില്‍ നിന്ന് ദീര്‍ഘകാലം അകന്നുനില്‍ക്കേണ്ടി വരുന്നത് മാനസികാസ്വസ്ഥതയ്ക്ക് കാരണമായതായാണ് 28-കാരിയായ ലെവിറ്റ് വ്യക്തമാക്കിയത്.
പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ തനിക്ക് പി ടി എസ് ഡി അനുഭവപ്പെടുന്നുവെന്നും അതുകൊണ്ട് ഇപ്പോള്‍ പ്ലാന്‍ ഒന്നും ചെയ്യുന്നില്ലെന്നും കരോളിന്‍ ലെവിറ്റ് പറഞ്ഞു. ഭര്‍ത്താവ് 60 വയസുകാരന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ നിക്കോളാസ് റിച്ചിയോവുമായുള്ള അവധി ദിവസങ്ങള്‍ ക്രമീകരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവധി ദിനങ്ങള്‍ക്കായി ഭര്‍ത്താവിനൊപ്പം മൂന്ന് ചെറിയ വാരാന്ത്യ യാത്രകള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും വിദേശനയവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ കാരണം എല്ലാ പദ്ധതികളും റദ്ദാക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു.
