ന്യൂയോര്‍ക്ക്: 'അമേരിക്ക ആദ്യം' എന്ന നയത്തെ പ്രകൃതിദൃശ്യങ്ങളിലേക്കും വ്യാപിപ്പിച്ച് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. അമേരിക്കന്‍ ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശ സന്ദര്‍ശകര്‍ ഇനി യുഎസ് പൗരന്മാരേക്കാള്‍ മൂന്ന് മടങ്ങിലേറെ ഫീസ് അടയ്‌ക്കേണ്ടിവരും. ആഭ്യന്തരകാര്യ വകുപ്പാണ് പുതിയ പ്രവേശന ഫീസ് നയം പ്രഖ്യാപിച്ചത്.
2026 ജനുവരി ഒന്നുമുതല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ദേശീയോദ്യാനങ്ങളില്‍ പ്രവേശിക്കാനുള്ള വാര്‍ഷിക പാസ് തുക 80 ഡോളറായിരിക്കുമ്പോള്‍, വിദേശികള്‍ക്ക് ഇത് 250 ഡോളറായിരിക്കും. യുഎസ് നികുതിദായകര്‍ നേരത്തേ തന്നെ ദേശീയോദ്യാനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നതിനാല്‍ 'അവര്‍ക്കാണ് കൂടുതല്‍ ആനുകൂല്യം ലഭിക്കേണ്ടത്' എന്നതാണ് തീരുമാനത്തിന് പിന്നിലെ വിശദീകരണം.
വാര്‍ഷിക പാസ് ഇല്ലാത്ത വിദേശ സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന 11 ദേശീയോദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ ആളൊന്നിന് 100 ഡോളര്‍ അധിക ഫീസ് കൂടി അടയ്ക്കണം. മെയിനിലെ അക്കാഡിയ, യൂട്ടായിലെ ബ്രൈസ് കാന്യണ്‍, സയണ്‍, ഫ്‌ളോറിഡയിലെ എവര്‍ഗ്ലേഡ്‌സ്, മൊണ്ടാനയിലെ ഗ്ലേഷ്യര്‍, ഗ്രാന്‍ഡ് ടീറ്റണ്‍, യെല്ലോസ്‌റ്റോണ്‍, കൊളറാഡോയിലെ റോക്കി മൗണ്ടന്‍, അരിസോണയിലെ ഗ്രാന്‍ഡ് കാന്യണ്‍, കാലിഫോര്‍ണിയയിലെ സെക്വോയ & കിങ്‌സ് കാന്യണ്‍, യോസ്മിറ്റീ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന പാര്‍ക്കുകള്‍.
ഫീസ് വര്‍ധന ദേശീയോദ്യാനങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനും സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വാദം. ജീവനക്കാരുടെ കുറവ് മൂലം മാലിന്യക്കൂട്ടങ്ങളും അക്രമ സംഭവങ്ങളും വര്‍ധിച്ചതായി ആഭ്യന്തരകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 43 ദിവസത്തെ സര്‍ക്കാര്‍ അടച്ചിടലിനിടെ ശുചിമുറികളുടെ അവസ്ഥ ദയനീയമായത്, അനധികൃത ബേസ്ജമ്പിംഗ്, കാലിഫോര്‍ണിയയിലെ ജോശ്വാ ട്രിയിലെ ക്യാമ്പില്‍ 70 ഏക്കറോളം കാട്ടുതീ പടര്‍ന്നത് എന്നിവയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം എല്ലായ്‌പ്പോഴും അമേരിക്കന്‍ കുടുംബങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. യുഎസ് നികുതിദായകര്‍ക്ക് പ്രാപ്യമാകുന്ന വിലയില്‍ ദേശീയോദ്യാനങ്ങള്‍ ആസ്വദിക്കാന്‍ ഈ നയം സഹായിക്കും, അതേസമയം വിദേശ സന്ദര്‍ശകര്‍ പരിപാലന ചെലവിലേക്ക് അവരുടെ ന്യായമായ സംഭാവന നല്‍കേണ്ടിവരും' എന്ന് ആഭ്യന്തരകാര്യ സെക്രട്ടറി ഡഗ് ബര്‍ഗം വ്യക്തമാക്കി.
അതേസമയം, അടുത്ത വര്‍ഷം മുതല്‍ യുഎസ് പൗരന്മാര്‍ക്ക് മാത്രം സൗജന്യ പ്രവേശന ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 16ലെ പ്രസിഡന്റ്‌സ് ഡേ, മെയ് 25ലെ മെമ്മോറിയല്‍ ഡേ, ജൂണ്‍ 14ലെ ഫ്‌ലാഗ് ഡേ/ട്രംപിന്റെ ജന്മദിനം, ജൂലൈ നാലിന്റെ സ്വാതന്ത്ര്യദിന വാരാന്ത്യം, ഓഗസ്റ്റ് 25ലെ ദേശീയോദ്യാന സേവനത്തിന്റെ 110ാം വാര്‍ഷികം തുടങ്ങിയ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം. സെപ്റ്റംബര്‍ 17ലെ ഭരണഘടനാ ദിനം, ഒക്ടോബര്‍ 27ലെ തിയഡോര്‍ റൂസവെല്‍റ്റിന്റെ ജന്മദിനം, നവംബര്‍ 11ലെ വെറ്ററന്‍സ് ഡേ എന്നിവയും ഇതിലുണ്ട്.
ഇതിന് പുറമേ, 'അമേരിക്ക ദ ബ്യൂട്ടിഫുള്‍' പാസുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളും ഭരണകൂടം പ്രഖ്യാപിച്ചു. Recreation.gov വഴി വാര്‍ഷികം, സൈനികര്‍, മുതിര്‍ന്ന പൗരന്മാര്‍, നാലാം ക്ലാസ് വിദ്യാര്‍ഥികള്‍, പ്രത്യേക കഴിവുള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള പാസുകള്‍ ലഭ്യമാകും. എന്നാല്‍, പുതിയ പാസുകളുടെ ഡിസൈനില്‍ ജോര്‍ജ് വാഷിംഗ്ടണിനൊപ്പം ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. 'ദേശീയോദ്യാന പാസില്‍ ട്രംപിന്റെ ചിത്രം കാണേണ്ടിവന്നാല്‍ ഞാന്‍ അത് പുതുക്കില്ല' എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്.
നാഷനല്‍ പാര്‍ക്കുകളിലും ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ് '; വിദേശികള്‍ക്ക് പ്രവേശന ഫീസ് മൂന്നിരട്ടിയാക്കി
