ഇറാൻ സമാധാന നിർദ്ദേശം പരിശോധിക്കുന്നു: അംഗീകരിക്കാൻ ബുദ്ധിമുട്ടെന്ന ട്രംപ്, സംഘർഷം വീണ്ടും ശക്തമാകാമെന്ന മുന്നറിയിപ്പ്

ഇറാൻ സമാധാന നിർദ്ദേശം പരിശോധിക്കുന്നു: അംഗീകരിക്കാൻ ബുദ്ധിമുട്ടെന്ന ട്രംപ്, സംഘർഷം വീണ്ടും ശക്തമാകാമെന്ന മുന്നറിയിപ്പ്


വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദ്ദേശം പരിശോധിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, അത് അംഗീകരിക്കാനാകുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കരാറിന്റെ ആശയം സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും, വിശദമായ രേഖകൾ ഉടൻ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു. പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും അദ്ദേഹം ഇതു സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ 47 വർഷമായി മനുഷ്യരാശിക്കെതിരേ ഇറാൻ നടത്തിയ നടപടികൾക്ക് തക്ക വില അവർ നൽകിയിട്ടില്ലെന്നും, അതിനാൽ ഈ നിർദ്ദേശം അംഗീകരിക്കാൻ പ്രയാസമാണെന്നുമാണ് ട്രംപിന്റെ നിലപാട്.

അതേസമയം, പാകിസ്ഥാൻ മുഖേന കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലേക്ക് അയച്ച സമാധാന നിർദ്ദേശത്തിന്റെ ചില വിശദാംശങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. അമേരിക്കയുടെ ഒൻപത് നിർദ്ദേശങ്ങൾക്ക് മറുപടിയായി ഇറാൻ 14 പോയിന്റുകളുള്ള പദ്ധതി സമർപ്പിച്ചതായി ഫാർസ്, തസ്‌നിം വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രണ്ടുമാസത്തെ വെടിനിർത്തലാണ് അമേരിക്ക നിർദേശിച്ചതെങ്കിലും, പ്രശ്‌നങ്ങൾ 30 ദിവസത്തിനകം പരിഹരിക്കണമെന്നാണ് ഇറാന്റെ ആവശ്യം. കൂടാതെ, ഇറാന്റെ പരിസരങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറണം, നാവിക ഉപരോധം അവസാനിപ്പിക്കണം, കടലിടുക്കുമായി ബന്ധപ്പെട്ട പുതിയ സംവിധാനം രൂപീകരിക്കണം, സാമ്പത്തിക ഉപരോധങ്ങൾ നീക്കണം, ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇറാൻ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഇതുസംബന്ധിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇതിനിടെ, മിഡിൽ ഈസ്റ്റിലെ കൂട്ടാളികൾക്ക് 8.6 ബില്യൺ ഡോളർ മൂല്യമുള്ള ആയുധ വിൽപ്പന അമേരിക്ക വേഗത്തിലാക്കി. കുവൈത്ത്, യുഎഇ, ഖത്തർ, ഇസ്രയേൽ എന്നിവർക്കാണ് ആയുധങ്ങൾ നൽകുന്നത്. കോൺഗ്രസിന്റെ അനുമതി ഒഴിവാക്കി അടിയന്തര അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം.

ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആരംഭിച്ചതിന് ശേഷം നിരവധി ബില്യൺ ഡോളറിന്റെ ആയുധ ഇടപാടുകൾ ഇതിനകം അമേരിക്ക പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ മറികടക്കുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.

അതേസമയം, അമേരിക്ക-ഇസ്രയേൽ സംഘർഷം വീണ്ടും പുനരാരംഭിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യം രംഗത്തെത്തി. കരാറുകളോട് അമേരിക്ക പ്രതിബദ്ധത കാണിക്കാത്തിന് തെളിവുകൾ ഉണ്ടെന്നും, ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇറാൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ സാഹചര്യത്തിൽ, സമാധാന ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, പ്രദേശത്ത് സംഘർഷാവസ്ഥ തുടരാനിടയുണ്ടെന്നാണ് സൂചന.