അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച വ്യോമഗതാഗത നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യു എ ഇയുടെ വ്യോമപരിധിയില്‍ എല്ലാ വിമാന സര്‍വീസുകളും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിയതിന് ശേഷമാണ് ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ച് തീരുമാനം സ്വീകരിച്ചതെന്ന് അതോറിറ്റി അറിയിച്ചു. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
യു എ ഇ, ഇറാഖ്, ജോര്‍ദാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാതലത്തില്‍ ഭാഗികമായോ പൂര്‍ണ്ണമായോ വ്യോമപരിധി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക വ്യോമഗതാഗത രംഗത്ത് പുനരുജ്ജീവനത്തിന്റെ സൂചനകളാണ് ഇതോടെ പ്രകടമാകുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് മെയ് 10 മുതല്‍ ഇറാഖിലെ മൂന്ന് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് അറിയിച്ചു. ജൂണ്‍ മധ്യത്തോടെ ആറു ഭൂഖണ്ഡങ്ങളിലായി 150ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
