ഇറാൻ എണ്ണ വാങ്ങൽ: യുഎസ് ഉപരോധങ്ങൾക്ക് ചൈനയുടെ 'ബ്ലോക്കിംഗ് ഓർഡർ' മറുപടി

ഇറാൻ എണ്ണ വാങ്ങൽ: യുഎസ് ഉപരോധങ്ങൾക്ക് ചൈനയുടെ 'ബ്ലോക്കിംഗ് ഓർഡർ' മറുപടി


ഇറാനിൽ നിന്ന് എണ്ണ വാങ്ങിയതിന് ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ചൈന രംഗത്തെത്തി. യുഎസ് നടപടികൾ അംഗീകരിക്കില്ലെന്ന് ആദ്യമായി 'ബ്ലോക്കിംഗ് ഓർഡർ' പ്രയോഗിച്ചുകൊണ്ട് ബീജിംഗ് വ്യക്തമാക്കി.

ചൈനയുടെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ, അമേരിക്കയുടെ ഉപരോധങ്ങൾ 'അംഗീകരിക്കാനോ നടപ്പാക്കാനോ പാലിക്കാനോ കഴിയില്ല' എന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം ഏകപക്ഷീയ ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളും രാജ്യാന്തര ബന്ധങ്ങളുടെ അടിസ്ഥാന ചട്ടങ്ങളും ലംഘിക്കുന്നതാണെന്നും മന്ത്രാലയം വിമർശിച്ചു.

ഇറാനിൽ നിന്നുള്ള വിലക്കുറവുള്ള എണ്ണയെ ആശ്രയിക്കുന്ന ചൈന, പ്രത്യേകിച്ച് സ്വതന്ത്ര റിഫൈനറികളായ 'ടീപ്പോട്ട്' യൂണിറ്റുകളിലൂടെയാണ് ഇറക്കുമതി നടത്തുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ഇറാനെതിരെ അമേരിക്ക സാമ്പത്തിക സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ഇത്തരം കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നത്.

ഷാൻഡോംഗ് പ്രവിശ്യയിലെ ഷാൻഡോംഗ് ജിൻചെങ് പെട്രോകെമിക്കൽ ഗ്രൂപ്പ്, ഷാൻഡോംഗ് ഷൗഗ്വാങ് ലുക്കിംഗ് പെട്രോകെമിക്കൽ, ഷാൻഡോംഗ് ഷെങ്‌സിംഗ് കെമിക്കൽ എന്നീ കമ്പനികളും, ഹെൻഗ്ലി പെട്രോകെമിക്കൽ (ഡാലിയാൻ), ഹെബെയ് ഷിൻഹായ് കെമിക്കൽ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളും ചൈനയുടെ ഉത്തരവിൽ ഉൾപ്പെടുന്നു.

ഇതിനിടെ, ക്വിംഗ്ഡാവോ ഹൈയേ ഓയിൽ ടെർമിനൽ കമ്പനിക്കുമേൽ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ നിന്ന് കോടിക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായി ആരോപിച്ചാണ് നടപടി.

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉപരോധങ്ങളും ചൈനയുടെ മറുപടിയും വന്നിട്ടുള്ളത്. ഫെബ്രുവരി 28ന് അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ തുടങ്ങിയ സംഘർഷം ഇതുവരെ സ്ഥിരപരിഹാരത്തിലേക്ക് എത്തിയിട്ടില്ല.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരരാഷ്ട്രീയ ബന്ധങ്ങൾ കൂടുതൽ സംഘർഷഭരിതമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.