യു.എസ്-റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് റിയാദില്‍ തുടക്കമാകും

യു.എസ്-റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് റിയാദില്‍ തുടക്കമാകും


മോസ്‌കോ: യുദ്ധം നടക്കുന്ന യുക്രെയ്‌നില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി യു.എസ്-റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് റിയാദില്‍ ചൊവ്വാഴ്ച തുടക്കം കുറിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ചക്ക് വേദിയൊരുക്കുക കൂടിയാണ് ചര്‍ച്ചയുടെ ലക്ഷ്യം.

വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവുമാണ് റഷ്യന്‍ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യു.എസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കുന്നതിലായിരിക്കും ചര്‍ച്ച കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയാണ് യു.എസ് പ്രതിനിധി സംഘത്തെ നയിക്കുക. ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാറ്റ്‌സ്, പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചയില്‍ പങ്കെടുക്കും.

യുക്രെയ്‌നും ചര്‍ച്ചയുടെ ഭാഗമാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും വിശദീകരിച്ചിട്ടില്ല. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വഷളായ യു.എസ്-റഷ്യ ബന്ധത്തിലെ പുതിയ വഴിത്തിരിവാണ് ചര്‍ച്ച. കഴിഞ്ഞ ആഴ്ച ട്രംപ് ഫോണില്‍ പുട്ടിനുമായി സംസാരിച്ചതോടെയാണ് യു.എസ് നയംമാറ്റത്തിന് അവസരമൊരുങ്ങിയത്.

അതേസമയം റിയാദില്‍ നടക്കുന്ന യു.എസ്-റഷ്യ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും യുക്രെയ്‌നെ ഒഴിവാക്കിയുള്ള ചര്‍ച്ചകളുടെ തീരുമാനം അംഗീകരിക്കില്ലെന്നും പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യു.എ.ഇയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.


സൗദി അറേബ്യയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയിലേക്ക് തന്റെ സര്‍ക്കാറിനെ ക്ഷണിച്ചിട്ടില്ലെന്നും സെലന്‍സ്‌കി വിശദീകരിച്ചു. യുക്രെയ്ന്‍ പ്രാതിനിധ്യമില്ലത്തതിനാല്‍ ചര്‍ച്ചകൊണ്ട് പ്രയോജനമില്ല. തിങ്കളാഴ്ച തുര്‍ക്കിയിലേക്കും ബുധനാഴ്ച സൗദി അറേബ്യയിലേക്കും പോകും. സൗദി അറേബ്യ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച അവിടെ നടക്കുന്ന യു.എസ്-റഷ്യ ചര്‍ച്ചയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.