ഗാസ സഹായത്തിന് കൂടുതല്‍ ലാന്‍ഡ് ക്രോസിംഗുകള്‍ തുറക്കണമെന്ന് ഇസ്രായേലിന് യു എന്‍ കോടതി ഉത്തരവ്

ഗാസ സഹായത്തിന് കൂടുതല്‍ ലാന്‍ഡ് ക്രോസിംഗുകള്‍ തുറക്കണമെന്ന് ഇസ്രായേലിന് യു എന്‍ കോടതി ഉത്തരവ്


ഹേഗ്: യുദ്ധത്തില്‍ തകര്‍ന്ന എന്‍ക്ലേവിലെ ക്ഷാമം പരിഹരിക്കാനായി ഗാസയിലേക്ക് ഭക്ഷണം, വെള്ളം, ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവ എത്തിക്കാന്‍  കൂടുതല്‍ ലാന്‍ഡ് ക്രോസിംഗുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു എന്‍ ഉന്നത കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു.

ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി രണ്ട് പുതിയ താത്ക്കാലിക നടപടികള്‍ പുറപ്പെടുവിച്ചു. വംശഹത്യ വാദം ഇസ്രായേല്‍ നിഷേധിച്ചു. തങ്ങളുടെ സൈനിക പ്രചാരണം സ്വയം പ്രതിരോധമാണെന്നും അവകാശപ്പെട്ടു. 

ഗാസയിലെ പട്ടിണി ചൂണ്ടിക്കാട്ടി വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ താത്ക്കാലിക നടപടികള്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി ഉത്തരവ്. പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ഇസ്രായേല്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഭക്ഷണം, വെള്ളം, ഇന്ധനം, മെഡിക്കല്‍ വിതരണം എ്ന്നിവ ഉള്‍പ്പെടെ 'അടിയന്തിരമായി ആവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും' ഉറപ്പാക്കാന്‍ 'കാലതാമസമില്ലാതെ' നടപടികള്‍ കൈക്കൊള്ളാന്‍ കോടതി ഇസ്രായേലിനോട് നിയമപരമായി ബാധ്യസ്ഥമായ ഉത്തരവില്‍ പറഞ്ഞു.

വംശഹത്യ കണ്‍വെന്‍ഷനു കീഴിലുള്ള ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് ഹാനികരമായേക്കാവുന്ന നടപടി തങ്ങളുടെ സൈന്യം സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രായേലിനോട് ഉത്തരവിട്ടു.

ഉത്തരവുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഇസ്രയേലിനോട് കോടതി പറഞ്ഞു. ഉത്തരവിനെക്കുറിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചിട്ടില്ല.

യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഗാസയുടെ അതിര്‍ത്തികള്‍ ആദ്യം അടച്ചതിനുശേഷം, ഇസ്രായേല്‍ മാനുഷിക സാധനങ്ങള്‍ക്ക് എത്തിക്കാന്‍ അനുവദിച്ചിരുന്നു. 

ഇസ്രായേല്‍ സൈനിക നിയന്ത്രണങ്ങള്‍, തുടരുന്ന ശത്രുത, പൊതു ക്രമത്തിന്റെ തകര്‍ച്ച എന്നിവയെ തുടര്‍ന്ന് സഹായം എത്തിക്കല്‍ തടസ്സപ്പെട്ടുവെന്ന് യു എന്നും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളും കുറ്റപ്പെടുത്തി.