പാകിസ്ഥാന് തിരിച്ചടി; യു എസ് പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഗം

പാകിസ്ഥാന് തിരിച്ചടി; യു എസ് പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഗം


ന്യൂഡല്‍ഹി: ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ പ്രഖ്യാപിച്ച് യു എസ് പുറത്തിറക്കിയ ഇന്ത്യയുടെ ഭൂപടം പാകിസ്ഥാന് തിരിച്ചടി. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായാണ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ നിയമവിരുദ്ധമായി അധീനത പുലര്‍ത്തുന്ന പ്രദേശമായ പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിലുപരി, അക്‌സായി ചിന്‍ പ്രദേശവും ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

പാകിസ്താന്‍ അധീനതയിലുള്ള പ്രദേശം ഉള്‍പ്പെടെ ജമ്മുകശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേതാണെന്ന നിലപാട് ഇന്ത്യ സ്ഥിരമായി ആവര്‍ത്തിക്കുന്നതാണ്.  എന്നാല്‍, ഈ വിഷയത്തില്‍ മുന്‍കാല നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയുടെ അംഗീകാരം ലഭിച്ചതാണ് ഇപ്പോഴത്തെ സംഭവത്തെ പ്രത്യേകമാക്കുന്നത്.

ഇത് ജമ്മുകശ്മീറിനെക്കുറിച്ചുള്ള പാകിസ്താന്റെ അടിസ്ഥാനരഹിത അവകാശവാദങ്ങള്‍ക്ക് എതിരായ ശക്തമായ നയതന്ത്ര സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

സമീപ മാസങ്ങളില്‍ അമേരിക്കയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിച്ച് സാമ്പത്തികവും സൈനികവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ചിരുന്ന ഇസ്ലാമാബാദിന് ഇത് വലിയ തിരിച്ചടിയായി. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈന്യാധിപന്‍ അസിം മുനീറും അമേരിക്കന്‍ അധികാരകേന്ദ്രങ്ങളില്‍ ശക്തമായ ലോബിയിംഗിനായി നിരവധി തവണ വാഷിങ്ടണിലേക്ക് യാത്ര ചെയ്തിരുന്നു.

കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പാകിസ്താനിലെ ഈ രണ്ട് നേതാക്കളും പങ്കെടുത്തിരുന്നു. അവിടെ ഗാസയുടെ ഭരണത്തിനായി രൂപീകരിച്ച നാഷണല്‍ കമ്മിറ്റി ഫോര്‍ ദ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസയുടെ കീഴില്‍ സൈനികവിമുക്തീകരണം, മാനവിക സഹായം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക ഭരണസംവിധാനം എന്നിവ ലക്ഷ്യമിടുന്ന ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' പദ്ധതിയുടെ ചാര്‍ട്ടറിലും രേഖകളിലും അവര്‍ ഒപ്പുവെച്ചു.

എന്നാല്‍, പതിറ്റാണ്ടുകളായി പ്രചരിപ്പിച്ചുവരുന്ന ജമ്മുകശ്മീറിന്മേലുള്ള പാകിസ്ഥാന്റെ പ്രദേശാവകാശ വാദങ്ങളെ പിന്തുണയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കാന്‍ ഈ ശ്രമങ്ങള്‍ക്കൊന്നും സാധിച്ചില്ല.