തെഹ്റാന്‍/ വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ ധാരണയിലെത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ ഭാവി സംബന്ധിച്ച അഭിപ്രായഭിന്നത പ്രധാന തടസ്സമായി തുടരുന്നു. യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് വാഷിങ്ടണിന്റെ നിലപാടെങ്കില്‍ അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് തങ്ങളുടെ പരമാധികാര അവകാശമാണെന്നാണ് തെഹ്റാന്‍ ആവര്‍ത്തിക്കുന്നത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനുമായുള്ള ധാരണാപത്രത്തിന്റെ കരട് പ്രകാരം ഇറാന്റെ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നാണ് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. യുറേനിയം ഇറാനില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് അത് സ്ഥലത്തുവെച്ച് തന്നെ നശിപ്പിക്കുന്നതിനുള്ള വ്യവസ്ഥയും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുറമേ ലെബനനിലെ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശിക വിഷയങ്ങളും കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഇറാന്‍ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം ഇസ്രയേല്‍ തുടരുന്ന സാഹചര്യവും ചര്‍ച്ചകളില്‍ പ്രാധാന്യം നേടിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സ്വാധീനം കുറഞ്ഞത് അമേരിക്കയുടെ ചര്‍ച്ചാ നിലപാട് കൂടുതല്‍ ശക്തമാക്കിയെന്നും കരാര്‍ അന്തിമമാകാന്‍ 80 മുതല്‍ 85 ശതമാനം വരെ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ബോംബ് നിര്‍മാണത്തിന് സമീപ നിലവാരത്തിലുള്ള യുറേനിയം ശേഖരം സംരക്ഷിക്കുന്നതിന് ഇറാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകള്‍ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം അര ടണ്‍ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള തുരങ്കങ്ങള്‍ ഇറാന്‍ അടച്ചുപൂട്ടുകയും പ്രവേശന കവാടങ്ങള്‍ സീല്‍ ചെയ്യുകയും സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ യുറേനിയം നീക്കം ചെയ്യുന്നതിനോ നശിപ്പിക്കുന്നതിനോ ഉള്ള ഏത് ശ്രമവും കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ ധാരണയിലെത്തിയാല്‍ യുറേനിയം കൈമാറ്റത്തിന് ഉത്തരവാദിത്തം ആര്‍ക്കായിരിക്കുമെന്ന ചോദ്യവും ഇത് ഉയര്‍ത്തുന്നുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം ഇറാന്റെ പരമാധികാര അവകാശമാണെന്ന് തെഹ്റാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ളതാണെന്നും ഇറാന്‍ അവകാശപ്പെടുന്നു.
അന്തിമ കരാര്‍ ഇതിനകം അംഗീകരിച്ചുവെന്ന വാര്‍ത്തകളെയും ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. നിലവില്‍ ധാരണയിലെത്തിയ കരട് രേഖയൊന്നും നിലവിലില്ലെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമഗ്ര സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ സമ്പുഷ്ട യുറേനിയം സ്വന്തം രാജ്യത്ത് സൂക്ഷിക്കാന്‍ റഷ്യ പലതവണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്താനിലെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, രഹസ്യ നയതന്ത്ര ചര്‍ച്ചകളിലൂടെ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഒരു ഭാഗം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാന്‍ ഇറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും സൂചനയുണ്ട്.
എന്നാല്‍, ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് അയക്കരുതെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയിയുടെ നിലപാടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആണവ പദ്ധതിയെ ചൊല്ലിയുള്ള ഈ ഭിന്നതകള്‍ക്ക് പരിഹാരം കാണാനാകുമോയെന്നതാണ് അമേരിക്ക- ഇറാന്‍ ചര്‍ച്ചകളുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.
