കെനഡി സെന്ററിൽ നിന്ന് ട്രംപിന്റെ പേര് നീക്കൽ; കോടതി ഉത്തരവ് തടയാനുള്ള നീക്കം തള്ളി

കെനഡി സെന്ററിൽ നിന്ന് ട്രംപിന്റെ പേര് നീക്കൽ; കോടതി ഉത്തരവ് തടയാനുള്ള നീക്കം തള്ളി


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പ്രശസ്ത കലാസാംസ്‌കാരിക കേന്ദ്രമായ കെനഡി സെന്ററിൽ നിന്ന് നീക്കണമെന്ന കോടതി ഉത്തരവ് തടയാനുള്ള സർക്കാരിന്റെ ശ്രമത്തിന് തിരിച്ചടി. ട്രംപിന്റെ പേര് നീക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ഫെഡറൽ കോടതി തള്ളിയത്.

കെനഡി സെന്ററിന്റെ പേര് മാറ്റിയത് നിയമപരമായ അധികാരമില്ലാതെയാണെന്നും സ്ഥാപനത്തിന്റെ പേര് മാറ്റാൻ അധികാരമുള്ളത് കോൺഗ്രസിന് മാത്രമാണെന്നും ജില്ലാ ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ നേരത്തെ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രംപിന്റെ പേര് കെട്ടിടത്തിൽ നിന്നും അനുബന്ധ രേഖകളിൽ നിന്നും നീക്കാൻ കോടതി നിർദേശിച്ചിരുന്നു.

അനധികൃതമായ സർക്കാർ നടപടികൾ തുടരുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിധിക്ക് പിന്നാലെ ട്രംപിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ഭാഗത്ത് തൊഴിലാളികൾ സ്‌കാഫോൾഡിങ് സ്ഥാപിക്കുന്നതും ശ്രദ്ധേയമായി. അതേസമയം, പേര് എഴുതിയ ഫലകം ഇതുവരെ പൂർണമായി നീക്കിയിട്ടില്ല.

കോടതി ഉത്തരവിനെതിരെ കെനഡി സെന്റർ ബോർഡും നീതിന്യായ വകുപ്പും മേൽക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപ്പീലിൽ തീരുമാനം വരാനുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സ്ഥാപനത്തിന്റെ പേര് 'ട്രംപ് കെനഡി സെന്റർ' എന്നാക്കി മാറ്റാൻ ബോർഡ് തീരുമാനിച്ചത്. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾക്ക് ബോർഡിൽ പ്രാധാന്യം ലഭിക്കുകയും ട്രംപ് സ്വയം ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കെട്ടിടത്തിന്റെ മുൻഭാഗത്ത് മുൻ പ്രസിഡന്റ് ജോൺ എഫ്. കെനഡിയുടെ പേരിനൊപ്പം ട്രംപിന്റെ പേരും സ്ഥാപിച്ചിരുന്നു.