വാഷിങ്ടൺ/ടെഹ്രാൻ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ദിവസങ്ങൾക്കകം ഒപ്പിടാനാകുമെന്ന പ്രതീക്ഷ ശക്തമാകുന്നു. ചർച്ചകളുടെ അവസാനഘട്ടം പൂർത്തിയായ ഉടൻ കരാർ ഡിജിറ്റൽ രീതിയിൽ ഒപ്പിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി അറിയിച്ചു. ഇരുരാജ്യങ്ങളും വിദൂരസ്ഥലങ്ങളിൽ നിന്ന് ഇലക്ട്രോണിക് രീതിയിൽ ഒപ്പുവെച്ചശേഷം ധാരണാപത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരാറിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ഇറാൻ ആവർത്തിച്ചു. ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയെന്നും കരാർ വളരെ അടുത്താണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളുടെ ഇടപെടലോടെ കരാറിന്റെ അന്തിമ രൂപം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഉപരോധങ്ങളിൽ ഘട്ടംഘട്ടമായ ഇളവ്, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളുടെ മോചനം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയ കാര്യങ്ങൾ കരാറിൽ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുഎഇ വഴി ഇറാനിലേക്ക് പണം കൈമാറിയെന്ന വാർത്തകൾ അബുദാബി നിഷേധിച്ചു.
ഇതിനിടെ, ഇറാന്റെ ആണവപരിപാടികളുടെ മുഴുവൻ വ്യാപ്തിയും പരിശോധിക്കുന്നത് മുൻഗണനയാക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ കേട്ട സ്‌ഫോടന ശബ്ദങ്ങൾ മുന്നറിയിപ്പ് വെടിവെപ്പുമായി ബന്ധപ്പെട്ടതാണെന്ന് ഇറാൻ സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
കരാർ യാഥാർഥ്യമായാൽ മൂന്നു മാസമായി തുടരുന്ന സംഘർഷത്തിന് വിരാമമിടുന്ന ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായിരിക്കും.
യുഎസ്-ഇറാൻ ധാരണ അടുത്ത്; കരാർ ദിവസങ്ങൾക്കകം, ഡിജിറ്റൽ ഒപ്പിടൽ സാധ്യത-അബ്ബാസ് അറഖ്ചി
