ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം ​ഗ്രേവി 'ഫ്രീ' കിട്ടുമോ? സംസ്ഥാന ഉപഭോക്തൃ സമിതി തീരുമാനിക്കും

ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം ​ഗ്രേവി 'ഫ്രീ' കിട്ടുമോ? സംസ്ഥാന ഉപഭോക്തൃ സമിതി തീരുമാനിക്കും


കൊച്ചി: രണ്ട് പൊറോട്ടയ്ക്കൊപ്പം സ്വല്പം ചാറും കൂട്ടി ഫുഡടിക്കുന്നവരുടെയെല്ലാം ശ്രദ്ധ ഇനി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ മുന്നിലേക്കാവും. കാരണം, സുപ്രധാനമായ തീരുമാനം ഇപ്പോൾ അവരുടെ കോർട്ടിലാണ്. പൊറോട്ടയ്ക്കൊപ്പം ​ഗ്രേവി ഫ്രീ കിട്ടുമോ? പ്രശ്നം പരിശോധിക്കാമെന്നാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര സമിതി നിലപാടെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയിൽ വിശദമായ തെളിവെടുപ്പ് നടത്തി തീരുമാനമെടുക്കാനാണ് സംസ്ഥാന സമിതി എറണാകുളം ജില്ലാ ഉപഭോക്തൃ സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. 

ഗ്രേവി സൗജന്യമായി നല്‍കേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ സമിതിയുടെ ഉത്തരവിനെതിരെ ഷിബു വയലകത്ത് എന്ന അഭിഭാഷകൻ സംസ്ഥാന ഉപഭോക്തൃ സമിതിക്ക് നല്‍കിയ അപ്പീലിലാണ് വിശദമായ തെളിവെടുപ്പിന് നിര്‍ദേശം നല്‍കിയത്. ബീഫ് ഫ്രൈയ്ക്കൊപ്പം കുറച്ച് ​ഗ്രേവി കൂടി ചോദിച്ചതിന് ആക്ഷേപം ഉന്നയിച്ച ഹോട്ടലിനെതിരേ പരാതി ഉന്നയിച്ചയിടത്ത് നിന്നായിരുന്നു ​'ചാറ്' സംഭവത്തിന്റെ തുടക്കം. സൗജന്യമായി ചാറ് നല്‍കാനാവില്ലെന്ന ഹോട്ടല്‍ മാനേജ്മെന്‍റിന്‍റെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയെ 2024ല്‍ ഷിബു സമീപിച്ചു. എന്നാല്‍ ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സമിതി പരാതി തളളി. ഇതോടെ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ചാറു നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുടമകള്‍ എത്തി. ഈ പശ്ചാത്തലത്തിലാണ് ഷിബു സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയില്‍ അപ്പീല്‍ നല്‍കിയതും പരാതി പരിശോധിക്കാമെന്ന് അംഗീകരിക്കുകയും ചെയ്തത്.

വിശദമായ തെളിവെടുപ്പ് നടത്തി ഷിബുവിന്‍റെ പരാതിയില്‍ തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ സമിതി എറണാകുളം ജില്ലാ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജൂലൈ 8ന് എറണാകുളം ജില്ലാ സമിതി വീണ്ടും ചാറ് കേസ് പരിഗണിക്കും. കേസില്‍ കമ്മീഷന്‍ എടുക്കുന്ന തീരുമാനം എന്തായാലും 2 പൊറോട്ടയും ഇച്ചിരി ചാറും കൂടി ഫുഡടിക്കുന്നവരെയെല്ലാം സംബന്ധിച്ച് നിര്‍ണായകമാവുകയും ചെയ്യും. എന്നിരുന്നാലും ഹോട്ടലുകളെ ആശ്രയിക്കുന്ന താഴ്ന്ന വരുമാനക്കാര്‍ക്കു വേണ്ടി തന്‍റെ പോരാട്ടം തുടരുമെന്ന് ഷിബു പറയുന്നു.