ഓണ്‍ലൈന്‍ സുരക്ഷാ നിയമ നിര്‍മാണം താമസം കൂടാതെ നടപ്പാക്കണമെന്ന് നിക്കി ശര്‍മ

ഓണ്‍ലൈന്‍ സുരക്ഷാ നിയമ നിര്‍മാണം താമസം കൂടാതെ നടപ്പാക്കണമെന്ന് നിക്കി ശര്‍മ


വിക്ടോറിയ: കാനഡ ഫെഡറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഓണ്‍ലൈന്‍ സുരക്ഷാ നിയമനിര്‍മാണം കാലതാമസം കൂടാതെ നടപ്പാക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയയുടെ അറ്റോര്‍ണി ജനറല്‍ നിക്കി ശര്‍മ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രവിശ്യ മുന്നോട്ടുവച്ച എല്ലാ ആശങ്കകളും ബില്ലില്‍ പരിഗണിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കുന്നതും നിര്‍മിത ബുദ്ധി (എ ഐ) ചാറ്റ്‌ബോട്ടുകള്‍ക്ക് പിന്നിലുള്ള കമ്പനികളെ നിയന്ത്രണ വിധേയമാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബി സി സര്‍ക്കാരിന്റെ പല ആശങ്കകള്‍ക്കും പരിഹാരമാകുന്നുണ്ടെന്ന് ശര്‍മ പറഞ്ഞു.

എന്നാല്‍ എ ഐ കമ്പനികള്‍ അക്രമാസക്തമായ ഉള്ളടക്കങ്ങളെക്കുറിച്ച് പൊലീസിനെ നിര്‍ബന്ധമായും അറിയിക്കണമെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലര്‍ റിഡ്ജില്‍ നടന്ന വെടിവയ്പ്പില്‍ എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ആക്രമണകാരിയും ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടും തമ്മില്‍ നടന്ന ആശങ്കാജനകമായ സംഭാഷണങ്ങള്‍ കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ബി സി സര്‍ക്കാര്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചതെന്ന് ശര്‍മ പറഞ്ഞു.

ഫെഡറല്‍ സാംസ്‌കാരിക മന്ത്രി മാര്‍ക്ക് മില്ലര്‍, പ്രത്യേക നിയമ വ്യവസ്ഥകള്‍ ബില്ലില്‍ ഇല്ലെങ്കിലും ചില തരത്തിലുള്ള ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതായും അവര്‍ വ്യക്തമാക്കി.

ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ച ബില്‍ സി-34 പ്രകാരം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയേണ്ടിവരും. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കമ്പനികള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കാനും സാധ്യതയുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വര്‍ഷങ്ങളോളം സൈബര്‍ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായതിന് പിന്നാലെ 2012-ല്‍ ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ അമാന്‍ഡ ടോഡിന്റെ അമ്മ കരോള്‍ ടോഡ് ബില്ലിനെ സ്വാഗതം ചെയ്തു.

സൈബര്‍ പീഡനം, ചൂഷണം, നിര്‍ബന്ധിത ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അപകടങ്ങള്‍ ഇന്നും കനേഡിയന്‍ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യകതയാണ് നിര്‍ദിഷ്ട നിയമനിര്‍മാണം പ്രതിഫലിപ്പിക്കുന്നതെന്നും കരോള്‍ ടോഡ് ഫേസ്ബുക്കില്‍ കുറിച്ചു.

ബില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സ്വതന്ത്ര ഫെഡറല്‍ റെഗുലേറ്ററെ ഉള്‍പ്പെടുത്തിയതിനെ അവര്‍ അഭിനന്ദിച്ചു.

ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം വേഗത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട പ്രമുഖ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കരോള്‍ ടോഡ്.

സോഷ്യല്‍ മീഡിയയുടെ ദോഷഫലങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം എത്രയും വേഗം പാസാക്കേണ്ടതുണ്ടെന്ന് നിക്കി ശര്‍മ ആവശ്യപ്പെട്ടു. ഭാവിയിലെ ചര്‍ച്ചകളില്‍ ബ്രിട്ടീഷ് കൊളംബിയയെയും പങ്കാളിയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വലിയ ദുരന്തങ്ങള്‍ നേരിട്ട കുടുംബങ്ങളോടൊപ്പം ഏറെ സമയം ചെലവഴിച്ച വ്യക്തിയാണ് താനെന്നും അവര്‍ അനുഭവിച്ച വേദന വളരെ വലുതാണെന്നും ഈ ബില്ലിലൂടെ നിര്‍ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇനി വൈകാന്‍ പാടില്ലെന്നും ശര്‍മ പറഞ്ഞു.