ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ട്രംപ്; മാന്യതയില്ലാത്തവരുമായി ഒരു ഇടപാടും സാധ്യമല്ല

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ട്രംപ്; മാന്യതയില്ലാത്തവരുമായി ഒരു ഇടപാടും സാധ്യമല്ല


വാഷിം​ഗ്ടൺ: ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അത് പരാജയപ്പെട്ടു. ഇറാന്റെ നടപടി ഒട്ടും സ്വീകാര്യമായതല്ലെന്നും ട്രംപ് പറഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. 

ഇടപാടുകൾ നടത്താൻ കഴിയാത്തവിധം മാന്യതയില്ലാത്തവരാണവർ. അവരുമായി നല്ല ഒരു ഇടപാടും സാധ്യമല്ല. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ കഴിഞ്ഞ രാത്രി ഡ്രോൺ ആക്രമണം നടത്തി. അത് അം​ഗീകരിക്കാനാവാത്തതാണ്. കാര്യങ്ങൾ വേ​ഗത്തിൽ ശരിയാക്കുകയാണ് അവർക്ക് നല്ലത്- ട്രംപ് കുറിച്ചു. 

ഒമാൻ ഉൾക്കടലിൽ എം.ടി സെറ്റെബെല്ലോ എന്ന എണ്ണക്കപ്പലിനു നേരെ യു.എസ് സെൻട്രൽ കമാൻഡ് നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിലുണ്ടായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ നിന്ന് മാറിയുള്ള ട്രംപിന്റെ പ്രതികരണം. 

അതേസമയം, ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിൽ, നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഇറാൻ ചോർത്തിയെന്ന് ട്രംപ് പറഞ്ഞു. കൂടാതെ ടെഹ്‌റാൻ നടത്തുന്ന പൊതു പ്രസ്താവനകൾ ഇരുപക്ഷവും അംഗീകരിച്ച നിബന്ധനകളുമായി ബന്ധമുള്ളതല്ലെന്നും പറഞ്ഞു.