ഉത്തര കൊറിയയിലേക്ക് അനധികൃത ഡ്രോണ്‍ ദൗത്യം നടത്തിയ കേസില്‍ മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് 30 വര്‍ഷം തടവ്

ഉത്തര കൊറിയയിലേക്ക് അനധികൃത ഡ്രോണ്‍ ദൗത്യം നടത്തിയ കേസില്‍ മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് 30 വര്‍ഷം തടവ്


സോള്‍: ഉത്തര കൊറിയയുടെ വ്യോമാതിര്‍ത്തിയിലേക്ക് അനധികൃതമായി ഡ്രോണുകള്‍ അയച്ച കേസില്‍ മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന് 30 വര്‍ഷം തടവുശിക്ഷ വിധിച്ച് ദക്ഷിണ കൊറിയന്‍ കോടതി. 2024-ല്‍ അദ്ദേഹം പ്രഖ്യാപിച്ച വിവാദമായ പട്ടാള നിയമത്തിന് ന്യായീകരണം കണ്ടെത്തുന്നതിന് മനഃപൂര്‍വം ഈ ഡ്രോണ്‍ നീക്കം ആസൂത്രണം ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കലാപത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് മാസങ്ങള്‍ക്കു ശേഷമാണ് യൂണിനെതിരെ മറ്റൊരു ഗുരുതര വിധി കൂടി വരുന്നത്. അധികാരമൊഴിഞ്ഞതിന് ശേഷം നിരവധി നിയമപ്രശ്‌നങ്ങള്‍ നേരിട്ട മുന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയ പതനത്തിലെ മറ്റൊരു നിര്‍ണായക അധ്യായമായാണ് പുതിയ വിധി വിലയിരുത്തപ്പെടുന്നത്.

ഡ്രോണ്‍ ദൗത്യം പതിവ് സൈനിക നടപടിയുടെ ഭാഗമായിരുന്നില്ലെന്നും ആഭ്യന്തര രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്ന സമയത്ത് ഉത്തര കൊറിയയുമായുള്ള സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

2024-ല്‍ ഉത്തര കൊറിയന്‍ വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണുകള്‍ കടന്നുകയറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ ദൗത്യം കൊറിയന്‍ ഉപദ്വീപിലെ സൈനിക സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇടയാക്കിയേക്കാമായിരുന്നുവെന്നും മതിയായ ന്യായീകരണമില്ലാതെയാണ് അത് നടപ്പാക്കിയതെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍.

തുടര്‍ന്ന് രൂപപ്പെട്ട സുരക്ഷാ ആശങ്കകളെ രാജ്യത്തിനകത്ത് അസാധാരണ രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കുന്നതിന് ന്യായീകരണമായി ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

യൂണ്‍ സുക് യോള്‍ സിവിലിയന്‍ ഭരണം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് രണ്ട് മാസം മുന്‍പാണ് ഈ സംഭവം നടന്നത്. പ്രചാരണ ലഘുലേഖകള്‍ ഉത്തര കൊറിയയിലേക്ക് എത്തിച്ചതായും ആരോപിച്ച് പ്യോങ്യാങ് അന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കോടതി വിധിയുടെ സംഗ്രഹം ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 'ദക്ഷിണ കൊറിയന്‍ സൈന്യത്തിനെതിരെയോ ജനങ്ങള്‍ക്കെതിരെയോ ഉത്തര കൊറിയ സായുധ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് യൂണ്‍ ശ്രമിച്ചത്' എന്നാണ് ജഡ്ജിയുടെ നിരീക്ഷണം.

പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്യുകയും ദേശീയ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്ത നടപടികളാണ് യൂണ്‍ സ്വീകരിച്ചതെന്ന് പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഈ നീക്കം അതിര്‍ത്തി കടന്നുള്ള ഗുരുതരമായ സൈനിക ഏറ്റുമുട്ടലിന് കാരണമായേക്കാമായിരുന്നുവെന്നും അത് പൊതുസ്ഥാപനങ്ങളിലുള്ള ജനവിശ്വാസത്തെ തകര്‍ക്കുമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

പട്ടാള നിയമ പ്രഖ്യാപനത്തിന് ന്യായീകരണം കണ്ടെത്തുന്നതിന് ദക്ഷിണ- ഉത്തര കൊറിയന്‍ സൈനിക സംഘര്‍ഷം ശക്തമാക്കുകയും ദേശീയ പ്രതിസന്ധി കൃത്രിമമായി സൃഷ്ടിക്കുകയും ചെയ്യാന്‍ യൂണ്‍ പദ്ധതിയിട്ടിരുന്നതായും കോടതി നിരീക്ഷിച്ചു.

എന്നാല്‍ വിചാരണയുടെ തുടക്കം മുതല്‍ തന്നെ യൂണ്‍ സുക് യോള്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റായിരിക്കെ എടുത്ത എല്ലാ സൈനിക തീരുമാനങ്ങളും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകസംഘം വാദിച്ചു. രാജ്യത്തിന്റെ താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് പട്ടാള നിയമം പ്രഖ്യാപിച്ചത് എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.

ഉത്തര കൊറിയയുമായുള്ള ബന്ധം അതീവ സൂക്ഷ്മ വിഷയമായി തുടരുന്ന ദക്ഷിണ കൊറിയയില്‍ ഈ കേസ് വ്യാപക ശ്രദ്ധ നേടിയിരുന്നു. മുന്‍ പ്രസിഡന്റിന്റെ അനുയായികളും വിമര്‍ശകരും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാക്കുന്നതിനൊപ്പം ഭരണനിര്‍വഹണ അധികാരത്തിന്റെ പരിധികളെയും സൈനിക തീരുമാനങ്ങളിലെ ഉത്തരവാദിത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ ഊര്‍ജം പകരാന്‍ ഈ വിധി കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യൂണ്‍ സുക് യോളിന്റെ തീരുമാനം. പൊതുഅധികാരം ദുരുപയോഗം ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഉന്നത നേതാക്കള്‍ക്കെതിരായ നിയമനടപടികളില്‍ സമീപകാല ദക്ഷിണ കൊറിയന്‍ ചരിത്രത്തിലെ ഏറ്റവും സുപ്രധാന വിധികളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.