തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തില്‍ ഒന്നര വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയും കാരണമായെന്ന് റിപ്പോര്‍ട്ട്. മരിച്ച അര്‍ഷിദ് ക്രൂരപീഡനം നേരിടുന്നുവെന്ന് ആഴ്ചകള്‍ക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതിന്റെ ഓഡിയോ റെക്കോര്‍ഡിങ് വാര്‍ത്താ പോര്‍ട്ടലായ ദ് ന്യൂസ് മിനുട്ട് പുറത്തുവിട്ടു. കുട്ടി മരിക്കുന്നതിന് 26 ദിവസം മുമ്പുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. കുഞ്ഞിന്റെ രണ്ട് കൈകള്‍ക്കും ഒരേസമയം പൊട്ടലേറ്റതിന്റെ ഫോട്ടോകള്‍ സഹിതം സംശയങ്ങള്‍ ഉന്നയിച്ചിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡി.സി.പി.യു) കാര്യമായി എടുത്തില്ല.
കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ മേയ് 3നാണ് അഖിലയുടെ അമ്മ റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. എന്നാല്‍ അവരുടെ ആശങ്കകള്‍ 'തോന്നലുകള്‍' മാത്രമാണെന്നും ദേഷ്യം കാരണം അങ്ങനെ പറയുന്നതാകാമെന്നും പറഞ്ഞ് ഡി.സി.പി.യു ഉദ്യോഗസ്ഥന്‍ വിഷയം തള്ളിക്കളഞ്ഞു. കുഞ്ഞിനെ നേരില്‍ കാണാനോ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാനോ തയ്യാറായില്ല.
പ്രതിയായ അഷ്‌കര്‍ കുട്ടിയെ ഉപദ്രവിച്ചിരിക്കാമെന്ന സംശയവും അവര്‍ ഉദ്യോഗസ്ഥനോട് പങ്കുവെച്ചു. അര്‍ഷിദിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അഷ്‌കര്‍ മുമ്പ് കുട്ടിയെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നും റീന ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ വിഷയം പൊലീസിലൂടെ മുന്നോട്ടുകൊണ്ടുപോകാനാണ് നിര്‍ദേശിച്ചതെന്നും കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നാണ് പറഞ്ഞത്. കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ഗുരുതര പരിക്കുകളുള്ള കാര്യം ഡോക്ടര്‍മാര്‍ പൊലീസിനെയോ ശിശുസംരക്ഷണ സമിതിയിലോ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം. കുഞ്ഞിന്റെ മരണം അസ്വോഭാവികമെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞ് നേരിട്ടത് അതിക്രൂരമായ മർദ്ദനമായിരുന്നെന്നും കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടായിരുന്നെന്നും കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്കര്‍, അമ്മ അഖില എന്നിവരെ അറസ്റ്റ് ചെയ്തു. അഷ്കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, അർഷിദിന്റെ മരണത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താത്കാലിക ജീവനക്കാരനെതിരെയാണ് നടപടി.
കുട്ടിയെ പീഡിപ്പിക്കുന്ന വിവരം നേരത്തെ അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍
