തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ പട്ടിക കെ.എസ്.ആർ.ടി.സി പുറത്തിറക്കി. ഏഴ് വിഭാഗം ബസ്സുകളിലാണ് സൗജന്യയാത്ര ലഭിക്കുക. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നിവയിൽ സൗജന്യം അനുവദിക്കും. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സർവീസുകൾ മുതൽ മുകളിലോട്ടുള്ള മറ്റ് എല്ലാ സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല സ്‌പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബി.റ്റി.സി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിൽ സൗജന്യയാത്ര അനുവദനീയമല്ല. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിച്ചിരിക്കും.
സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെ കുറച്ചു ദൂരം ആദ്യ സർവീസിൽ യാത്ര ചെയ്യും. ആദ്യ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞു. 15ന് രാവിലെ 8.30ന് ശേഷമായിരിക്കും സ്ത്രീകൾക്കു സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക.
പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യം ലഭിക്കും. ആദ്യഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ഗ്രാന്റായി പണം നൽകും. ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകൾ കൃത്യമായി അറിയാൻ എല്ലാ സ്ത്രീകൾക്കും സീറോ ടിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.
