ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും തുടരുന്നതിനിടെ പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിച്ച് പാകിസ്ഥാൻ. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി 3,000 ബില്യൺ പാകിസ്ഥാൻ രൂപയാണ് സർക്കാർ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തെ 2,550 ബില്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.6 ശതമാനത്തിന്റെ വർധനയാണ്.
ദേശീയ അസംബ്ലിയിൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പ്രതിരോധ ബജറ്റ് വർധിപ്പിച്ചതെന്ന് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കുകയാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വൻകിട വ്യവസായങ്ങൾക്ക് നികുതി ഇളവുകളും കയറ്റുമതിക്കാർക്ക് പ്രത്യേക ധനസഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നികുതി ഭാരം ജനങ്ങൾക്ക് മേൽ ചുമത്താതെ നികുതി പിരിവ് ശക്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, കടബാധ്യതകൾ പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്. പലിശ അടയ്ക്കുന്നതിനായി മാത്രം 8 ട്രില്യൺ രൂപയിലധികം ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. ഫെഡറൽ ബോർഡ് ഓഫ് റവന്യൂ സമാഹരിക്കുന്ന ഓരോ 100 രൂപയിലും 70 രൂപ കടസേവനത്തിനായി ചെലവഴിക്കുന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്ത സാമ്പത്തിക വർഷത്തിൽ 4 ശതമാനം സാമ്പത്തിക വളർച്ചയും 8.2 ശതമാനം ശരാശരി പണപ്പെരുപ്പവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രതിരോധ ചെലവ് കുത്തനെ കൂട്ടി പാകിസ്ഥാൻ
