ടെഹ്രാൻ: ഇറാനെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ശക്തമായ പ്രതികരണം. അമേരിക്കൻ മണ്ണിൽ ആക്രമണം നടത്താനാവില്ലെങ്കിലും, മേഖലയിലെ യുഎസ് ബേസുകളെ ലക്ഷ്യമിടുമെന്ന് അറാഘ്ചി വ്യക്തമാക്കി. ഇറാന്റെ മിസൈൽ പദ്ധതി ഒരിക്കലും ചർച്ചാവിഷയമാകില്ലെന്നും അത് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ആണവ സമ്പുഷ്ടീകരണം ഇറാന്റെ അവിഭാജ്യ അവകാശമാണെന്നും ബോംബാക്രമണമുണ്ടായാലും രാജ്യത്തിന്റെ ശേഷികൾ നശിപ്പിക്കാനാകില്ലെന്നും അറാഘ്ചി കൂട്ടിച്ചേർത്തു. സമ്പുഷ്ടീകരണ വിഷയത്തിൽ ആശ്വാസകരമായ കരാറിന് ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഒമാനിൽ വെള്ളിയാഴ്ച നടന്ന യുഎസ്–ഇറാൻ പരോക്ഷ ചർച്ചകൾക്ക് പിന്നാലെയാണ് പ്രസ്താവന. അടുത്ത ചർച്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ഉടൻ വീണ്ടും കൂടിക്കാഴ്ച നടത്തണമെന്നതിൽ ഇരുവിഭാഗവും ധാരണയിലെത്തിയതായി അറാഘ്ചി പറഞ്ഞു. മസ്‌കറ്റിൽ നടന്ന ചർച്ചകൾ പരോക്ഷമായിരുന്നെങ്കിലും യുഎസ് പ്രതിനിധികളുമായി ഹസ്തദാനത്തിന് അവസരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ചർച്ചകൾ 'വളരെ നല്ലതായിരുന്നു' എന്ന് ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത ആഴ്ച ആദ്യം വീണ്ടും കൂടിക്കാഴ്ച നടക്കുമെന്നും ട്രംപ് അറിയിച്ചു. ഇതിനിടെ, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഓർഡറിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. ഉയരുന്ന യുഎസ്–ഇറാൻ സംഘർഷം മേഖലയിൽ പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമോയെന്ന ആശങ്ക ശക്തമാകുകയാണ്.
യുഎസ് ആക്രമിച്ചാൽ മേഖലയിൽ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിടും: ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്
