ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തില്‍ നിന്ന് പടിയിറങ്ങി യൂനുസ്

ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തില്‍ നിന്ന് പടിയിറങ്ങി യൂനുസ്


ധാക്ക: ബംഗ്ലാദേശില്‍ ഒന്നര വര്‍ഷം ഇടക്കാല ഭരണം നടത്തിയ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി താരീഖ് റഹ്മാന് അധികാരം കൈമാറുന്നതായി അറിയിച്ചു.

ഇടക്കാല സര്‍ക്കാര്‍ പടിയിറങ്ങുകയാണെന്നും ജനാധിപത്യത്തിന്റെ, വാക്സ്വാതന്ത്ര്യത്തിന്റെ, അടിസ്ഥാനാവകാശങ്ങളുടെ അഭ്യാസം നിര്‍ത്തപ്പെടരുതെന്ന് 85-കാരനായ നൊബേല്‍ സമാധാന സമ്മാന ജേതാവ് പറഞ്ഞു.

ഹസീന ഇന്ത്യയിലേക്ക് ഒഴിഞ്ഞോടേണ്ടി വന്ന ദിവസം വലിയ വിമോചനത്തിന്റെ ദിനമായിരുന്നുവെന്നും സന്തോഷത്തിന്റെ ദിനമായിരുന്നുവെന്നും ലോകമെമ്പാടുമുള്ള ബംഗ്ലാദേശികള്‍ ആനന്ദാശ്രു വീഴ്ത്തിയെന്നും യുവാക്കള്‍ രാജ്യത്തെ ഒരു അസുരന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചുവെന്നും യൂനുസ് പറഞ്ഞു.

2024 ഓഗസ്റ്റ് 8ന് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യം നയിച്ച ശേഷമാണ് അദ്ദേഹം അധികാരം ഒഴിയുന്നത്. കഴിഞ്ഞ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി എന്‍ പി)യുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍വിജയം നേടി.

യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഹസീനക്കെതിരെ രാഷ്ട്രീയ പ്രതികാരം നടത്തിയെന്നാണ് വിമര്‍ശകര്‍ ആരോപിച്ചത്. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു.

ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് സൈ്വര്യപ്രവര്‍ത്തനത്തിനുള്ള അവസരം ലഭിച്ചതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതുമാണ് മറ്റൊരു വിമര്‍ശനം. ബംഗ്ലാദേശ് ജനസംഖ്യയില്‍ ഏകദേശം ഏഴ് ശതമാനം വരുന്ന ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായെന്ന ആരോപണങ്ങളും ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ബി എന്‍ പി സഖ്യം 212 സീറ്റുകള്‍ നേടി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സഖ്യം 77 സീറ്റുകളാണ് നേടിയത്.

ജനങ്ങളും വോട്ടര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രശംസനീയമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഇത് മാനദണ്ഡമാകുമെന്നും യൂനുസ് പറഞ്ഞു.

മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റ സമയത്തെക്കുറിച്ച് പരാമര്‍ശിച്ച് തങ്ങള്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങിയതല്ലെന്നും കുറവില്‍ നിന്നാണ് ആരംഭിച്ചതെന്നും എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിമാര്‍ക്ക് കാലാവധി പരിധി നിശ്ചയിക്കല്‍, പാര്‍ലമെന്റില്‍ മേല്‍സഭ രൂപീകരിക്കല്‍, പ്രസിഡന്റിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവ നിര്‍ദ്ദേശിക്കുന്ന 'ജൂലൈ ചാര്‍ട്ടര്‍' യൂനുസ് പ്രശംസിച്ചു. അവശിഷ്ടങ്ങള്‍ നീക്കി സ്ഥാപനങ്ങളെ പുനര്‍നിര്‍മിച്ചു, പരിഷ്‌കാരങ്ങളുടെ ദിശ നിശ്ചയിച്ചു, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.