യുക്രെയ്‌നിന്റെ ഊര്‍ജ്ജ ലക്ഷ്യങ്ങളിലേക്ക് റഷ്യ ആക്രമണം ശക്തമാക്കുമെന്ന് സെലെന്‍സ്‌കി

യുക്രെയ്‌നിന്റെ ഊര്‍ജ്ജ ലക്ഷ്യങ്ങളിലേക്ക് റഷ്യ ആക്രമണം ശക്തമാക്കുമെന്ന് സെലെന്‍സ്‌കി


കീവ്: തങ്ങളുടെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി യുക്രെയന്‍ പ്രസിഡന്റ്  വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. ഏകദേശം നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഉണ്ടാക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതാണ് റഷ്യയുടെ പുതിയ ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ ആക്രമണങ്ങള്‍ 'വികസിച്ചുകൊണ്ടിരിക്കുകയാണെന്നും' അവ ചെറുക്കാന്‍ പ്രത്യേക പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്യക്തമാക്കി.

മോസ്‌കോയുടെ യുദ്ധശ്രമങ്ങളെ പിന്തുണക്കുന്ന റഷ്യന്‍ പ്രമുഖരെ നാടുകടത്തണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും സെലന്‍സ്‌കി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുടെ സമ്പന്നരായ ബന്ധുക്കള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്കു മറ്റാരെയും ബഹുമാനിക്കുന്ന മനോഭാവമില്ലെന്നും അദ്ദേഹം ആരോപിച്ചു.

യൂറോപ്യന്മാര്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ആണവോര്‍ജ്ജ മേഖലയെയും റോസാറ്റോമിനെയും ബന്ധപ്പെട്ട വ്യക്തികളെയും അവരുടെ ബന്ധുക്കളെയും യൂറോപ്പിലും അമേരിക്കയിലും അവരുടെ പണത്തില്‍ ജീവിക്കുന്നവരെയും ഇതുവരെ അവര്‍ ഉപരോധിച്ചിട്ടില്ല. ഈ ലാഭം ഉപയോഗിച്ച് അവര്‍ യൂറോപ്യന്‍ സര്‍വകലാശാലകളില്‍ പഠിക്കുകയും അമേരിക്കയില്‍ വ്യാപകമായ സ്വത്തുകള്‍ സ്വന്തമാക്കുകയും ചെയ്തു. ലോകമെമ്പാടും കുട്ടികളെയും ബന്ധുക്കളെയും അവര്‍ സാമ്പത്തികമായി പിന്തുണക്കുന്നുവെന്നും പോസ്റ്റില്‍ സെലന്‍സ്‌കി വ്യക്തമാക്കി.

റഷ്യയിലേക്ക് തിരിച്ചു പോകുക. നിങ്ങളുടെ നാട്ടിലേക്ക് മടങ്ങുക. നിങ്ങള്‍ അമേരിക്കയെ ബഹുമാനിക്കുന്നില്ല. നിയമങ്ങളെ ബഹുമാനിക്കുന്നില്ല. ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ല. യുക്രെയിനിനെയോ യൂറോപ്പിനെയോ ബഹുമാനിക്കുന്നില്ല. നാട്ടിലേക്ക് മടങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.