കാനഡയില്‍ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ 2.5 ലക്ഷം ഡോളര്‍ പാരിതോഷികം; പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമത്

കാനഡയില്‍ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ 2.5 ലക്ഷം ഡോളര്‍ പാരിതോഷികം; പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമത്


ഒട്ടാവ: പിടികിട്ടാപ്പുള്ളിയായ ഗുണ്ടാസംഘത്തലവന്‍ ഗോള്‍ഡി ബ്രാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം കനേഡിയന്‍ ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് കാനഡ. രാജ്യത്തെ ഏറ്റവും തിരയപ്പെടുന്ന 25 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗോള്‍ഡി ബ്രാറിനെ ഒന്നാം സ്ഥാനത്തും ഉള്‍പ്പെടുത്തി.

കാനഡയിലെ വിവിധ പൊലീസ് ഏജന്‍സികളുമായി സഹകരിച്ച് പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പൊതുസുരക്ഷാ സംരംഭമായ ബോലോ പ്രോഗ്രാമാണ് പ്രഖ്യാപനം നടത്തിയത്. സതിന്ദര്‍ജീത് സിങ് എന്നാണ് ഗോള്‍ഡി ബ്രാറിന്റെ യഥാര്‍ഥ പേര്.

2023 സെപ്റ്റംബറില്‍ 39കാരനായ സുഖ്ദൂല്‍ സിങ് ഗില്ലിനെ കൊലപ്പെടുത്തിയ കേസില്‍ വിന്നിപെഗ് പൊലീസ് ബ്രാറിനെ തിരയുകയാണ്. കാനഡയിലോ അമേരിക്കയിലോ വെച്ച് ബ്രാറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ കൈമാറണമെന്ന് ബോലോ പ്രോഗ്രാം അഭ്യര്‍ഥിച്ചു.

2023ലെ കൊലപാതകക്കേസില്‍ പ്രതി

വിന്നിപെഗ് പൊലീസിന്റെ വിവരമനുസരിച്ച് 2023 സെപ്റ്റംബര്‍ 20ന് ഹേസല്‍ട്ടണ്‍ ഡ്രൈവിലെ 200 ബ്ലോക്കിലുള്ള ഒരു താമസസ്ഥലത്ത് വെച്ചാണ് സുഖ്ദൂല്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഹോമിസൈഡ് വിഭാഗം റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെയും മാനിറ്റോബ ജസ്റ്റിസ് വകുപ്പിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് കേസ് അന്വേഷിച്ചത്.

2026 ഫെബ്രുവരി 23ന് ഗോള്‍ഡി ബ്രാറിനും കരണ്‍ബീര്‍ സിങ്ങിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 28ന് ഗോള്‍ഡി ബ്രാറിനെ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐയുടെ ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ദശലക്ഷം യു എസ് ഡോളര്‍ (ഏകദേശം 8.9 കോടി രൂപ) വരെ പാരിതോഷികവും എഫ് ബി ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോറന്‍സ് ബിഷ്ണോയി സംഘവുമായി ഗോള്‍ഡി ബ്രാറിന് ബന്ധമുണ്ടെന്നാണ് എഫ് ബി ഐയുടെ ആരോപണം. അമേരിക്കയിലും കാനഡയിലും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഈ സംഘത്തിന് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

ഇന്ത്യയിലും നിരവധി ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് ഗോള്‍ഡി ബ്രാറിനെ അന്വേഷണ ഏജന്‍സികള്‍ തിരയുന്നുണ്ട്. കാനഡയിലും അമേരിക്കയിലും ഇയാള്‍ക്കെതിരെ പ്രത്യേകം അറസ്റ്റ് വാറണ്ടുകളും പാരിതോഷിക പ്രഖ്യാപനങ്ങളുമുണ്ട്.