ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ ന്യൂയോര്‍ക്കില്‍ കുതിരവണ്ടികള്‍ക്ക് നിരോധനം; 150 വര്‍ഷത്തെ പാരമ്പര്യത്തിന് അന്ത്യം

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ ന്യൂയോര്‍ക്കില്‍ കുതിരവണ്ടികള്‍ക്ക് നിരോധനം; 150 വര്‍ഷത്തെ പാരമ്പര്യത്തിന് അന്ത്യം


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ അപകടമരണത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 150 വര്‍ഷമായി നിലനിന്നിരുന്ന കുതിരവണ്ടി സവാരിക്ക് നിരോധനം. കുതിരവണ്ടികള്‍ നിരോധിക്കുന്ന നിയമം ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി ഒപ്പുവെച്ച് നിയമമാക്കി. ഈ വര്‍ഷം ജൂണില്‍ കുതിരവണ്ടിയുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി റോമാഞ്ച് മഹാജന്റെ സ്മരണാര്‍ഥമാണ് നിയമത്തിന് ഈ പേര് നല്‍കിയത്.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നുള്ള 18കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയായിരുന്നു റോമാഞ്ച് മഹാജന്‍. മാതാപിതാക്കളോടും ഇളയ സഹോദരനോടുമൊപ്പം വിനോദസഞ്ചാരിയായാണ് ന്യൂയോര്‍ക്കിലെത്തിയത്. ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയതും ജയ്പുരിലെ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചതും ആഘോഷിക്കാനായിരുന്നു കുടുംബത്തിന്റെ യാത്ര. ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴാണ് ജയ്പുരിലെ സര്‍വകലാശാലയിലെ പ്രവേശനവിവരം റോമാഞ്ച് അറിഞ്ഞത്.

ജൂണ്‍ 17ന് വെസ്റ്റ് 67-ാം സ്ട്രീറ്റിന് സമീപമുള്ള സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു അപകടം. കുടുംബം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്നതിനിടെ ചിത്രം പകര്‍ത്താനായി ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറങ്ങി. കര്‍ശനമായി നിരോധിച്ചിട്ടുള്ള നടപടിയായിരുന്നു ഇത്.

ഇതിനിടെ കുതിര നിയന്ത്രണം വിട്ട് പാഞ്ഞു. മറ്റൊരു കുതിരവണ്ടിയുടെ ചക്രത്തില്‍ ഇടിച്ചതോടെ വണ്ടി മറിഞ്ഞു. അമ്മ വണ്ടിയില്‍നിന്ന് തെറിച്ചുവീണതിനു പിന്നാലെ റോമാഞ്ചും പുറത്തേക്ക് ചാടിയെന്നും നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പിതാവ് ദീപക് മഹാജന്‍ പറഞ്ഞു.

ഉടന്‍ ന്യൂയോര്‍ക്ക്- പ്രസ്ബിറ്റീരിയന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേറ്റു. അപകടത്തില്‍പ്പെട്ട കുതിര ആറാഴ്ച മുമ്പ് മാത്രമാണ് പാര്‍ക്കില്‍ ജോലി ആരംഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് കുതിരവണ്ടിയുടെ ഉടമ ഡ്രൈവറെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.

150 വര്‍ഷത്തിലേറെ മുമ്പ് സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടികള്‍ ആരംഭിച്ചതിനുശേഷം ഇത്തരം വാഹനവുമായി ബന്ധപ്പെട്ട് ഒരാള്‍ മരിക്കുന്ന ആദ്യ സംഭവമായിരിക്കാമിതെന്നാണ് സെന്‍ട്രല്‍ പാര്‍ക്ക് കണ്‍സര്‍വന്‍സിയുടെ വിലയിരുത്തല്‍. റോമാഞ്ചിന്റെ മരണം വെറുതെയാകരുതെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്ന് അഭിഭാഷകന്‍ സഗര്‍ ഛദ്ദ പറഞ്ഞു.

നവംബര്‍ 19 വ്യാഴാഴ്ചയാണ് മേയര്‍ മംദാനി നിയമത്തില്‍ ഒപ്പുവെച്ചത്. 2028 ജൂണ്‍ ഒന്നിനകം ന്യൂയോര്‍ക്ക് നഗരത്തിലെ തെരുവുകളില്‍ കുതിരവണ്ടികളുടെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. പുതിയ കുതിരവണ്ടി ടാക്‌സികള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല.

മെഡാലിയന്‍ ഉടമകള്‍, ഡ്രൈവര്‍മാര്‍, കുതിരലായങ്ങളിലെ ജീവനക്കാര്‍ തുടങ്ങി ഏകദേശം 200 പേരെ നിയമം ബാധിക്കും. നിലവിലുള്ള മെഡാലിയനുകള്‍ തിരിച്ചുവാങ്ങുന്നതിനുള്ള പദ്ധതിയും നഗരസഭ നടപ്പാക്കും. തൊഴില്‍ നഷ്ടപ്പെടുന്ന ഡ്രൈവര്‍മാര്‍ക്കും കുതിരലായ ജീവനക്കാര്‍ക്കും രണ്ടുവര്‍ഷത്തെ മാറ്റക്കാലയളവില്‍ പുതിയ തൊഴില്‍ പരിശീലനവും നല്‍കും.

കുതിരകളെ ജോലിയില്‍നിന്ന് വിരമിപ്പിച്ച് അനുയോജ്യമായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്തും. വര്‍ഷംതോറും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുന്ന സെന്‍ട്രല്‍ പാര്‍ക്കിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് സെന്‍ട്രല്‍ പാര്‍ക്ക് കണ്‍സര്‍വന്‍സി സി ഇ ഒ ബെറ്റ്‌സി സ്മിത്ത് പറഞ്ഞു.

ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒന്നര നൂറ്റാണ്ടായി കുതിരവണ്ടികള്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. 2022ല്‍ മാന്‍ഹട്ടനിലെ തെരുവില്‍ റൈഡര്‍ എന്ന കുതിര കുഴഞ്ഞുവീണ സംഭവത്തിനുപിന്നാലെയാണ് കുതിരവണ്ടി നിരോധനത്തിനായുള്ള നീക്കം 'റൈഡേഴ്‌സ് ലോ' എന്ന പേരില്‍ ആദ്യം ചര്‍ച്ചയായത്.

മാന്‍ഹട്ടന്‍ ബറോ പ്രസിഡന്റിന്റെ ഓഫീസ് ഉദ്ധരിച്ച സര്‍വേ പ്രകാരം 68 ശതമാനം പേരും കുതിരവണ്ടി സര്‍വീസ് അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു.

എന്നാല്‍ കുതിരവണ്ടി ഡ്രൈവര്‍മാരും ഉടമകളും ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ ലോക്കല്‍ 100ഉം നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നവംബര്‍ 19ന് ഇവര്‍ നഗരസഭയുടെ നിരോധന തീരുമാനത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

കുതിരലായങ്ങള്‍ സ്ഥിതിചെയ്യുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താത്പര്യമുള്ള റിയല്‍ എസ്റ്റേറ്റ് വികസനക്കാര്‍ കുതിരവണ്ടി വ്യവസായം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.