തിരുവനന്തപുരം: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ ഫോറന്‍സിക് സഹായം തേടി. കൂട്ടത്തോടെ വിര്‍ച്വല്‍ ബുക്കിങ് നടത്തി ക്യാൻസലാക്കുന്നവരെ കണ്ടെത്തും. ഇവരുടെ ഐപി അഡ്രസ് പരിശോധിക്കും. വിപിഎന്‍ ഉപയോഗിച്ചും ബോട്ടുകള്‍ ഉപയോഗിച്ചും ബുക്കിങ് നടത്തുന്നുണ്ടോയെന്നും അന്വേഷിക്കും.
ബുക്ക് ചെയ്തതിന് ശേഷം കൂട്ടത്തോടെയുള്ള ക്യാന്‍സലേഷനുകളും വിശദമായി പരിശോധിക്കാനാണ് തീരുമാനം. ബുക്ക് ചെയ്ത 26,000 ഓളം പേരാണ് ഇന്നലെ വരാതിരുന്നത്. ബുക്കിങിന് വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ഫുള്‍ ആകുന്നു തുടങ്ങിയവയിലാണ് ദേവസ്വം ബോര്‍ഡ് സംശയിക്കുന്നത്. ഇതിനു പിന്നില്‍ എന്തെങ്കിലും ആസൂത്രിത നീക്കമുണ്ടോയെന്നാണ് പരിശോധിക്കുക. മുമ്പ് നടന്ന ബുക്കിങ് അടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം.
കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും, ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ വരണമെന്ന് ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഭക്തര്‍ക്ക് സൈറ്റ് പെട്ടെന്ന് ഫുള്‍ ആകുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുമുണ്ട്. ഇത്തവണ വിര്‍ച്വല്‍ ക്യൂ ബുക്കിങ് എല്ലാ ദിവസവും ഫുള്‍ ആയിട്ടും ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് വരാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ശബരിമല വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ 5000 കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചതായി ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് അനുസരിച്ച് ഭക്തന്മാരുടെ വരവ് കുറഞ്ഞിട്ടുണ്ട്. ശരിക്ക് വരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ബുക്കിങ് ഫുള്‍ ആയതിനാല്‍ വരാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിര്‍ച്വല്‍ ക്യൂവില്‍ 5000 പേരെ കൂടി കൂടുതലായി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിന് കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
ശബരിമല വിര്‍ച്വല്‍ ക്യൂ: കൂട്ടമായി ബുക്ക് ചെയ്ത് ക്യാൻസലാക്കുന്നതിൽ അന്വേഷണം; 5000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി
