ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീറ്റപ്പുലി സംരക്ഷണ പദ്ധതിക്ക് നിര്‍ണായക നേട്ടം. ബോട്‌സ്വാനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതോടെ രാജ്യത്തെ ആകെ ചീറ്റപ്പുലികളുടെ എണ്ണം 62 ആയി ഉയര്‍ന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ് വെള്ളിയാഴ്ച ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
രണ്ടര വയസ്സുള്ള കെഒഎംജി 3 എന്ന പെണ്‍ചീറ്റയാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇന്ത്യയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ആദ്യ ബോട്‌സ്വാനന്‍ പെണ്‍ചീറ്റ എന്ന പ്രത്യേകതയും ഇതോടെ കെഒഎംജി 3 സ്വന്തമാക്കി. നാലുമാസത്തിലേറെ വനത്തില്‍ സ്വതന്ത്രമായി കഴിഞ്ഞ ശേഷമാണ് സ്വാഭാവിക സാഹചര്യത്തില്‍ ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
2022ല്‍ പ്രോജക്ട് ചീറ്റ ആരംഭിച്ചതിനുശേഷം വനത്തില്‍ സ്വാഭാവികമായി ചീറ്റ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
2026 ഏപ്രില്‍ 11നായിരുന്നു ഇതിന് മുമ്പ് വനത്തില്‍ ചീറ്റ പ്രസവിച്ച സംഭവം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഗാമിനി എന്ന പെണ്‍ചീറ്റയ്ക്ക് ഇന്ത്യയില്‍ ജനിച്ച കെജിപി12 എന്ന ചീറ്റ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ജനിച്ച രണ്ടാം തലമുറ ചീറ്റ വനത്തില്‍ വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ആദ്യ സംഭവമെന്ന നിലയില്‍ ഇത് ശ്രദ്ധേയമായിരുന്നു.
കെഒഎംജി 3ല്‍ നാല് കുഞ്ഞുങ്ങള്‍ കൂടി പിറന്നതോടെ ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം 62 ആയി. ഇതില്‍ 43 എണ്ണവും ഇന്ത്യയില്‍ ജനിച്ചവയാണ്. സ്വാഭാവിക സാഹചര്യങ്ങളില്‍ അതിജീവിക്കാനും പ്രത്യുത്പാദനം നടത്താനും കഴിയുന്ന ചീറ്റകളുടെ എണ്ണം വര്‍ധിക്കുന്നത് സംരക്ഷണ പദ്ധതിയുടെ പുരോഗതിയുടെ പ്രധാന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ കരജീവിയായ ചീറ്റപ്പുലികളെ രാജ്യത്ത് പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2022 സെപ്റ്റംബര്‍ 17നാണ് പ്രോജക്ട് ചീറ്റയ്ക്ക് തുടക്കമിട്ടത്.
ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വലിയ മാംസഭോജിയായ ഒരു ജീവിവര്‍ഗത്തെ ഒരു ഭൂഖണ്ഡത്തില്‍നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ പദ്ധതിയാണിത്.
2022 സെപ്റ്റംബറില്‍ നമീബിയയില്‍നിന്ന് എട്ട് ചീറ്റകളാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെയും എത്തിച്ചു. 2026ല്‍ ബോട്‌സ്വാനയില്‍നിന്ന് ഒമ്പത് ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിച്ചു.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനമാണ് പദ്ധതിയുടെ പ്രധാന ആവാസകേന്ദ്രം. ചീറ്റകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം അനുയോജ്യമായ മറ്റ് വനമേഖലകളിലേക്കും അവയുടെ ആവാസവ്യവസ്ഥ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
