കാർബൺ നികുതി പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് തടസമെന്ന് സെനോവസ് സി ഇ ഒ

കാർബൺ നികുതി പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് തടസമെന്ന് സെനോവസ് സി ഇ ഒ


കാനഡയിലെ കർശനമായ കാർബൺ നികുതി നയം പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് തിരിച്ചടിയാകുന്നുവെന്ന് സെനോവസ്  എനർജി സി ഇ ഒ ജോൺ മക്കെൻസി  അഭിപ്രായപ്പെട്ടു. ആൽബർട്ടയിൽ നിന്ന് പടിഞ്ഞാറൻ തീരത്തേക്ക് പുതിയ എണ്ണ കയറ്റുമതി പൈപ്പ്‌ലൈൻ നിർമ്മിക്കാൻ കൂടുതൽ സൗഹൃദപരമായ നയ  സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാനാകുന്ന പുതിയ പൈപ്പ്‌ലൈൻ നിർമ്മിക്കാനാണ് ആൽബെർട്ട സർക്കാരിന്റെ പദ്ധതി. ഇതിന് നിലവിലെ എണ്ണമണൽ പദ്ധതികളുടെ വികസനം മാത്രം മതിയാകില്ലെന്നും പൂർണമായും പുതിയ 'ഗ്രീൻഫീൽഡ്' ഓയിൽ സാൻഡ്‌സ് പദ്ധതികൾ ആരംഭിക്കേണ്ടിവരുമെന്നും മക്കെൻസി വ്യക്തമാക്കി.

പുതിയ ഓയിൽ സാൻഡ്‌സ് പദ്ധതികൾക്ക് ചെലവ് കൂടുതലായതിനാൽ നിലവിലുള്ള പരിസ്ഥിതി നിയന്ത്രണങ്ങളോടെ സാമ്പത്തികമായി ലാഭകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് വ്യവസായ കാർബൺ നികുതി നയം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പൈപ്പ്‌ലൈൻ നിറയ്ക്കാനും ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്ന നയരൂപീകരണമാണ് വേണ്ടത്. പുതിയ പദ്ധതികൾക്ക് അനുകൂലമായ മത്സരപരമായ സാഹചര്യം ഉണ്ടാകണം,' എന്നാണ് മക്കെൻസിയുടെ പ്രതികരണം.

 വ്യവസായ കാർബൺ നികുതി വർധനയും കാർബൺ സംഭരണ പദ്ധതികളും സംബന്ധിച്ച് മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ഫെഡറൽ സർക്കാരും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചർച്ച നടത്തുന്ന സാഹചര്യത്തിലാണ് മക്കെൻസിയുടെ പ്രതികരണം.

കഴിഞ്ഞ വർഷം ഇരുപക്ഷവും ഒപ്പുവെച്ച ധാരണാപത്രത്തിൽ ഓരോ ടണ്ണിനും 130 കനേഡിയൻ ഡോളർ കാർബൺ നികുതി ഏർപ്പെടുത്താനുള്ള നിർദേശവും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ നികുതി വർധന എത്ര വേഗത്തിൽ നടപ്പാക്കണമെന്നതിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. നികുതി നടപ്പാക്കൽ വൈകുന്നത്ര എണ്ണ കമ്പനികൾക്ക് സാമ്പത്തികഭാരം കുറയുമെന്നാണ് വിലയിരുത്തൽ.

എന്നാൽ കാർബൺ നികുതി പൂർണമായും ഒഴിവാക്കണമെന്നാണ് മക്കെൻസിയുടെ നിലപാട്. 'ഇത്തരത്തിലുള്ള വ്യവസായ കാർബൺ നികുതി കാനഡയ്ക്ക് മാത്രമുള്ളതാണ്. ഇത് കമ്പനികളെ കാനഡയ്ക്ക് പുറത്തുള്ള നിക്ഷേപങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു,' അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ചെറിയ തോതിൽ കുറയ്ക്കാനായി രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തെ ദീർഘകാലത്ത് ദുർബലപ്പെടുത്തുന്നത് ഗുണകരമല്ലെന്നും മക്കെൻസി കൂട്ടിച്ചേർത്തു.