വാഷിംഗ്ടണ്‍: 'കാമികാസെ ഡോള്‍ഫിനുകളെ' പരിശീലിപ്പിച്ച് യു എസ് കപ്പലുകളെ ഇറാന്‍ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പെന്റഗണ്‍ തള്ളി. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷത്തിനിടെ ഉയര്‍ന്ന ഈ അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച സമുദ്ര സസ്തനികളെ ഇറാന്‍ വിനിയോഗിക്കുമെന്ന വാദം യാഥാര്‍ഥ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് മുന്‍കാല റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള അഭ്യൂഹങ്ങളാണെന്നാണ് വിലയിരുത്തല്‍. മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് പരിശീലനം നേടിയ ഡോള്‍ഫിനുകളെ ഇറാന്‍ ഒരിക്കല്‍ സ്വന്തമാക്കിയിരുന്നുവെന്നും അവയെ സബ്മറീനുകളോ കടലിനടിയിലെ മൈനുകളോ കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരുന്നുവെന്നുമാണ് പഴയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ ആക്രമണപരമായ ഉപയോഗത്തിലേക്ക് മാറിയെന്നതിന് തെളിവുകളില്ല.
ഇതേ വിഷയത്തില്‍ പ്രതികരിച്ച അമേരിക്കന്‍ സൈനിക മേധാവിയായ ഡാന്‍ കെയ്ന്‍ ഇത്തരം വാദങ്ങളെ പരിഹസിച്ച് 'ലെസര്‍ ബീം ഘടിപ്പിച്ച ഷാര്‍ക്കുകള്‍' പോലുള്ള സാങ്കല്‍പ്പിക ആശയങ്ങളുമായി താരതമ്യം ചെയ്തു.
