അലാസ്‌ക: യു എസിലെ അലാസ്‌ക സംസ്ഥാനത്ത് ഒരു മലയുടെ ഭാഗം കടലിലേക്ക് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഏകദേശം 500 മീറ്റര്‍ ഉയരമുള്ള 'മെഗാസുനാമി' രൂപപ്പെട്ടു. ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകള്‍ പ്രകാരം ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഉയരമേറിയ മെഗാസുനാമിയാണിത്.
തെക്കുകിഴക്കന്‍ അലാസ്‌കയിലെ ഫിയോര്‍ഡില്‍ ഉണ്ടായ ഈ സംഭവം അന്നത്തെ സാഹചര്യത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ചെറിയ ഭൂചലനങ്ങള്‍ മൂലമുണ്ടായ വലിയ മണ്ണിടിച്ചിലാണ് ഇതിന് കാരണമായതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഏകദേശം 64 ദശലക്ഷം ഘന മീറ്റര്‍ പാറ 24 ഗിസ ഗ്രേറ്റ് പിരമിഡുകളുടെ വലുപ്പത്തിന് തുല്യമാണ്. ഇത് കടലിലേക്ക് പതിച്ചതോടെയാണ് ഭീമന്‍ തിരമാല രൂപപ്പെട്ടത്.
ഭൂചലനങ്ങളോ അസ്ഥിരമായ പാറക്കെട്ടുകളോ മൂലം ഉണ്ടാകുന്ന വലിയ മണ്ണിടിച്ചിലുകള്‍ ജലാശയങ്ങളില്‍ പതിക്കുമ്പോള്‍ രൂപപ്പെടുന്ന വന്‍ തിരമാലകളെയാണ് മെഗാസുനാമി എന്ന് വിളിക്കുന്നത്. സാധാരണയായി ഇത്തരം തിരമാലകള്‍ പ്രാദേശിക പരിധിക്കുള്ളില്‍ മാത്രമാണ് ബാധിക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സമുദ്രത്തിലുണ്ടാകുന്ന സുനാമികള്‍ വലിയ ഭൂചലനങ്ങളോ സമുദ്രത്തിനടിയിലെ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളോ മൂലമാണ് ഉണ്ടാകുന്നത്.
ഇത്തരത്തിലുള്ള മെഗാസുനാമികള്‍ അലാസ്‌കയില്‍ കൂടുതല്‍ സംഭവിക്കുന്നത് ഭൂചലനങ്ങളും സങ്കീര്‍ണ്ണമായ ഫിയോര്‍ഡുകളും കുത്തനെയുള്ള മലകളും മൂലമാണ്. കൂടാതെ, കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹിമാനികള്‍ ഉരുകുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി സയന്‍സ് പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.
മുമ്പ് പാറക്കെട്ടുകളെ പിന്താങ്ങിയിരുന്ന ഹിമാനികള്‍ ഉരുകിയതോടെ അവ അസ്ഥിരമായി മാറി പെട്ടെന്ന് ഇടിഞ്ഞുവീഴാന്‍ സാധ്യത കൂടിയെന്നാണ് ലണ്ടന്‍ യൂണിയവേഴ്‌സിറ്റി കോളജിലെ സ്റ്റീഫന്‍ ഹിക്ക്‌സ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി സുനാമികളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധര്‍ ഈ പ്രവണതയില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി കൂടുതല്‍ ആളുകള്‍ ഇത്തരം പ്രദേശങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തില്‍ അപകടസാധ്യതയും ഉയരുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
