തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ 'ന്യായവും സമഗ്രവുമായ' സമാധാന കരാര്‍ മാത്രമേ അംഗീകരിക്കൂ എന്ന് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് 'പ്രോജക്ട് ഫ്രീഡം' നാവിക ദൗത്യം താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ആരംഭിച്ച ദൗത്യത്തിന് പ്രതീക്ഷിച്ച ഫലം കൈവരിക്കാനായില്ല. മാത്രമല്ല ഈ നീക്കം ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷ്യങ്ങളിലേക്കും കടലിടുക്കിലൂടെയുള്ള കപ്പലുകളിലേക്കും ഇറാന് പുതിയ ആക്രമണങ്ങള്‍ നടത്താന്‍ കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.
ചൈന സന്ദര്‍ശനത്തിനിടെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഘ്ചി 'ന്യായവും സമഗ്രവുമായ കരാറിനായാണ് തെഹ്‌റാന്‍ കാത്തിരിക്കുന്നതെന്ന്'' വ്യക്തമാക്കി. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍ ഉപരോധം പൂര്‍ണമായും തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറാകാത്ത പക്ഷം മുമ്പത്തേക്കാള്‍ ശക്തവും തീവ്രവുമായ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ഇതിനിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിലേക്ക് അടുക്കുകയാണെന്ന് യു എസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കുള്ള ഘടനയും ഇരുരാജ്യങ്ങളും രൂപപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് സമാധാന പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ ചര്‍ച്ചകള്‍ പശ്ചിമേഷ്യയില്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'പ്രോജക്ട് ഫ്രീഡം' താത്ക്കാലികമായി നിര്‍ത്തിവെച്ച ട്രംപിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രസിഡന്റ് ട്രംപിന്റെ നടപടി പ്രദേശത്ത് സമാധാനത്തിനും സ്ഥിരതയ്ക്കും നിര്‍ണായകമായ സംഭാവനയായിരിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
നിലവിലെ ചര്‍ച്ചകളുടെ ഗതി ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
