സി എന്‍ എന്‍ സ്ഥാപകന്‍ ടെഡ് ടേര്‍ണര്‍ അന്തരിച്ചു

സി എന്‍ എന്‍ സ്ഥാപകന്‍ ടെഡ് ടേര്‍ണര്‍ അന്തരിച്ചു


വാഷിംഗ്ടണ്‍: ലോകത്തിലെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ സി എന്‍ എന്‍ സ്ഥാപിച്ച് ടെലിവിഷന്‍ മാധ്യമരംഗത്തെ തന്നെ മാറ്റിമറിച്ച അമേരിക്കന്‍ മാധ്യമ വ്യവസായി ടെഡ് ടേര്‍ണര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.  

ഓഹായോയില്‍ ജനിച്ച ടേര്‍ണര്‍ കേബിള്‍ ടെലിവിഷന്‍ മുതല്‍ കായിക ടീമുകള്‍, പരിസ്ഥിതി പ്രവര്‍ത്തനം, ആഗോള ധനസഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് വ്യാപിച്ച വന്‍ മാധ്യമ സാമ്രാജ്യം സ്ഥാപിച്ചു. ദ മൗത്ത് ഓഫ് ദ സൗത്ത് എന്നറിയപ്പെട്ട അദ്ദേഹം ആധുനിക മാധ്യമരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു.

സി എന്‍ എന്നിനൊപ്പം ടി എന്‍ ടി, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, ടര്‍ണര്‍ ക്ലാസിക്ക് മൂവീസ്, ഡബ്ല്യു ടി ബി എസ് തുടങ്ങിയ ചാനലുകളും അദ്ദേഹം ആരംഭിച്ചു. അറ്റ്‌ലാന്റ ബ്രേവ്‌സ്, അറ്റ്‌ലാന്റ ഹാക്‌സ് തുടങ്ങിയ കായിക ടീമുകളുടെ ഉടമസ്ഥതയും അദ്ദേഹത്തിനുണ്ടായിരുന്നു.

1980-ല്‍ സി എന്‍ എന്‍ ആരംഭിച്ചതാണ് ടേര്‍ണറുടെ കരിയറിലെ നിര്‍ണായക നേട്ടം. 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം എന്ന ആശയം ആദ്യം പരിഹസിക്കപ്പെട്ടെങ്കിലും പരമ്പരാഗത സമയപരിധിക്കപ്പുറം വാര്‍ത്തകള്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചു.

ഗള്‍ഫ് യുദ്ധം പോലുള്ള ആഗോള സംഭവങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടിംഗിലൂടെ സി എന്‍ എന്‍ ആഗോള സ്വാധീനം നേടി. ഈ മാതൃക പിന്നീട് ലോകമെമ്പാടും വാര്‍ത്താ സംപ്രേഷണത്തെ മാറ്റിമറിച്ചു.

1938-ല്‍ സിന്‍സിനാറ്റിയിലാണ് ടേര്‍ണര്‍ ജനിച്ചത്.  പിതാവിന്റെ ആത്മഹത്യയെ തുടര്‍ന്ന് കുടുംബ ബിസിനസ് ഏറ്റെടുത്ത അദ്ദേഹം അതിനെ മാധ്യമ മേഖലയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ഹോളിവുഡ് നടിയായ ജെയ്ന്‍ ഫോണ്ടിനെ വിവാഹം ചെയ്‌തെങ്കിലും വേര്‍പിരിഞ്ഞു. 

പരിസ്ഥിതി സംരക്ഷണത്തിലും ആഗോള സമാധാന ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1997-ല്‍ യു എസിന് ഒരു ബില്യന്‍ ഡോളര്‍ സംഭാവന നല്‍കി.

ക്യാപ്്റ്റന്‍ പ്ലാനറ്റ് ഫൗണ്ടേഷന്‍, ന്യൂക്ലിയര്‍ ത്രട്ട് ഇനീഷ്യേറ്റീവ് തുടങ്ങിയ സംരംഭങ്ങളിലൂടെ പരിസ്ഥിതിയും ആണവനിരായുധീകരണവും പ്രോത്സാഹിപ്പിച്ചു.

2018-ല്‍ ലൂയി ബോഡി ഡിമെന്‍ഷ്യ എന്ന നാഡീ രോഗം ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2025-ല്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു.

അഞ്ച് മക്കളാണ് ടേര്‍ണര്‍ക്കുള്ളത്.