വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും കടുത്ത ഭീഷണിയുമായി രംഗത്ത്. ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കും തുറന്ന് നല്‍കാന്‍ ഇറാന്‍ തയ്യാറാകാത്ത പക്ഷം മുമ്പത്തേക്കാള്‍ ശക്തമായതും കൂടുതല്‍ തീവ്രവുമായ ബോംബാക്രമണം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് അദ്ദേഹം ഭീഷണി ആവര്‍ത്തിച്ചത്.
ഇറാന്‍ ഇതിനകം ധാരണയായ കാര്യങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കില്‍ 'എപിക് ഫ്യൂറി' അവസാനിക്കുകയും ഉപരോധം അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമായി തുറക്കുകയും ചെയ്യും. എന്നാല്‍ അവര്‍ സമ്മതിക്കാത്ത പക്ഷം ബോംബാക്രമണം ആരംഭിക്കുമെന്നും അത് മുമ്പത്തേക്കാള്‍ ഏറെ ശക്തമായതും തീവ്രവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് ആഗോള എണ്ണ ഗതാഗതത്തിന് നിര്‍ണായകമായ കടല്‍പാതയായതിനാല്‍, മേഖലയിലെ സംഘര്‍ഷം വര്‍ധിക്കാനുള്ള സാധ്യതകളെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
