വാഷിംഗ്ടണ്‍: യു എസുമായുള്ള സമാധാന കരാറിന് ഇറാന് വളരെ നല്ല സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി ഡൊണള്‍ഡ് ട്രംപ്. കരാറിന്റെ ഭാഗമായി ഇറാന്‍ തങ്ങളുടെ ഉയര്‍ന്ന സമ്പുഷ്ട യുറേനിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പി ബി എസ് ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ വിവരം വെളിപ്പെടുത്തിയത്. കരാറിലേക്കുള്ള നീക്കം വളരെ അടുത്തിരിക്കുകയാണെന്നും എന്നാല്‍ മുമ്പും അങ്ങനെ തോന്നിയിട്ടുണ്ടെന്നും എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ച ചൈന സന്ദര്‍ശിക്കാനിരിക്കെ അതിനു മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ ഉയര്‍ന്ന സമ്പുഷ്ട യുറേനിയം അമേരിക്കയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന്, അത് 'സാധ്യത' മാത്രമല്ല; അമേരിക്കയിലേക്കാണ് വരുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി.
അവര്‍ സമ്മതിച്ചാല്‍ പ്രശ്‌നം തീരുമെന്നും സമ്മതിക്കാത്ത പക്ഷം ബോംബാക്രമണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീങ്ങി എണ്ണയുമായുള്ള കപ്പലുകള്‍ വിപണിയില്‍ എത്തുമ്പോള്‍ വില താഴുമെന്നും ട്രംപ് പറഞ്ഞു. വലിയ തോതില്‍ എണ്ണ വിപണിയില്‍ എത്തുമെന്നും അതോടെ വില ഗണ്യമായി കുറയുംമെന്നും ട്രപ് വിലയിരുത്തുന്നു.
