ഒട്ടാവ: ക്യൂബെക് സിറ്റിയെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന 'ആള്‍ട്ടോ' അതിവേഗ റെയില്‍ പദ്ധതിയുടെ റൂട്ടില്‍ നിര്‍ണായക മാറ്റം വരുത്തി കിംഗ്സ്റ്റണില്‍ ഒരു സ്റ്റോപ്പ് ഉള്‍പ്പെടുത്തുന്നത് ലിബറല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. പദ്ധതിയുടെ നിലവിലെ പാത തെക്കോട്ട് ലേക്ക് ഒന്റാറിയോയുടെ തീരത്തോട് ചേര്‍ന്ന് മാറ്റുന്ന സാധ്യതയാണ് പരിശോധിക്കുന്നത്.
ഗതാഗത മന്ത്രി സ്റ്റീവന്‍ മക്കിന്നണ്‍, സാങ്കേതിക സാധ്യതകളും പദ്ധതിയുടെ ആവശ്യകതകളും കണക്കിലെടുത്ത് കിംഗ്സ്റ്റണില്‍ സ്റ്റോപ്പ് ഉള്‍പ്പെടുന്ന തെക്കന്‍ റൂട്ട് വികസിപ്പിക്കാന്‍ 'ആള്‍ട്ടോ' അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി അറിയിച്ചു.
കൂടുതല്‍ വേഗമേറിയതും പരിസ്ഥിതി സൗഹൃദവും മെച്ചപ്പെട്ട ബന്ധങ്ങളുള്ളതുമായ റെയില്‍ ശൃംഖല സൃഷ്ടിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ നിലവില്‍ ട്രോയിസ്- റിവിയര്‍, ലാവല്‍, മോണ്‍ട്രിയല്‍, ഒട്ടാവ, പീറ്റര്‍ബറോ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
100 ദിവസത്തെ പൊതുജന കൂടിയാലോചനയില്‍ ലഭിച്ച നിര്‍ദേശങ്ങളും 2025 ഒക്ടോബര്‍ മുതല്‍ 2026 ജൂണ്‍ വരെ തദ്ദേശീയ വിഭാഗങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും പരിഗണിച്ചാണ് പുതിയ റൂട്ട് പരിശോധിക്കുന്നതെന്ന് മക്കിന്നണ്‍ പറഞ്ഞു.
കാനഡയിലെ ആദ്യ അതിവേഗ റെയില്‍പാതയുടെ നിലവിലെ റൂട്ടിനെതിരെ ചില പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കിംഗ്സ്റ്റണ്‍ മേയര്‍ ബ്രയാന്‍ പാറ്റേഴ്‌സണും സൗത്ത് ഫ്രോണ്ടനാക് മേയര്‍ റോണ്‍ വാന്‍ഡെവാളും കിംഗ്സ്റ്റണ്‍ വഴി കടന്നുപോകുന്ന പാതയെ ശക്തമായി പിന്തുണയ്ക്കുകയാണ്.
ഹൈവേ 401 ഇടനാഴിയിലൂടെ കിംഗ്സ്റ്റണില്‍ സ്റ്റോപ്പുമായി ക്യൂബെക് സിറ്റിയിലേക്ക് പോകുന്ന മൂന്നാമത്തെ ബദല്‍ പാതയാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കിംഗ്സ്റ്റണില്‍ സ്റ്റേഷന്‍ ഉള്‍പ്പെടുത്താത്ത പക്ഷം പദ്ധതിയെ എതിര്‍ക്കുമെന്ന പ്രമേയങ്ങള്‍ ഇരു മുനിസിപ്പല്‍ കൗണ്‍സിലുകളും ഇതിനകം പാസാക്കിയിട്ടുണ്ട്.
രാജ്യത്തെ നാലാമത്തെ തിരക്കേറിയ വയാ റെയില്‍ സ്റ്റേഷനാണ് കിംഗ്സ്റ്റണ്‍ എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മക്കിന്നണ്‍ നിലവിലെ റെയില്‍ ശൃംഖലയെ ആള്‍ട്ടോ അതിവേഗ റെയിലുമായി ബന്ധിപ്പിച്ച് വലിയ ഹബ്ബാക്കി മാറ്റാനാണ് ആഗ്രഹമെന്ന് പറഞ്ഞു.
കിംഗ്സ്റ്റണിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ പഠിച്ചിട്ടുള്ള മക്കിന്നണ്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഈ സേവനം ഏറെ പ്രയോജനകരമാകുമെന്നും വ്യക്തമാക്കി.
പൊതുനന്മയ്ക്കായുള്ള പദ്ധതിയാണിതെന്നും ജനങ്ങളുടെ ജീവിതം, തൊഴില്‍, യാത്ര, വിനോദം എന്നിവ കൂടുതല്‍ എളുപ്പമാക്കുകയും സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും നേരത്തെ കിംഗ്സ്റ്റണ്‍ സ്റ്റോപ്പിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പദ്ധതിയില്‍ ക്യൂബെക്കില്‍ നാല് സ്റ്റോപ്പുകളും ഒന്റാറിയോയില്‍ മൂന്ന് സ്റ്റോപ്പുകളും മാത്രമുള്ളതിനാല്‍ കിംഗ്സ്റ്റണില്‍ ഒരു സ്റ്റോപ്പ് ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ഏകദേശം 1,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വൈദ്യുത ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. പദ്ധതിയുടെ മൊത്തം ചെലവ് 60 ബില്യണ്‍ മുതല്‍ 90 ബില്യണ്‍ കാനഡ ഡോളര്‍ വരെയാകുമെന്നാണ് കണക്കുകൂട്ടല്‍.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതിനാല്‍ നിലവിലെ റൂട്ടിനോട് ചേര്‍ന്നുള്ള ഭൂമിയുടമകള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ബജറ്റിലൂടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിയമഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ ഭൂമിയോട് ജനങ്ങള്‍ക്കുള്ള മാനസിക ബന്ധം മനസ്സിലാക്കുന്നുവെന്ന് മന്ത്രി മക്കിന്നണ്‍ പറഞ്ഞു. ഭൂമിയുടമകളോട് അതീവ കരുതലോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ 'ആള്‍ട്ടോ' അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്വത്തുക്കള്‍ക്കും പരിസ്ഥിതിക്കും ഏറ്റവും കുറഞ്ഞ ആഘാതം മാത്രമേ ഉണ്ടാകുന്ന തരത്തില്‍ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ ഉടമകള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പൂര്‍ണ സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പാക്കുന്ന തരത്തിലാണ് കാനഡയിലെ നിയമങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
