ലെബനനിൽ ഇസ്രയേലിന്റെ സൈനിക സ്വാതന്ത്ര്യം തുടരും; സമാധാന ചർച്ചകൾക്കിടെ നെതന്യാഹുവിന്റെ കടുത്ത നിലപാട്

ലെബനനിൽ ഇസ്രയേലിന്റെ സൈനിക സ്വാതന്ത്ര്യം തുടരും; സമാധാന ചർച്ചകൾക്കിടെ നെതന്യാഹുവിന്റെ കടുത്ത നിലപാട്


ജറുസലം: അമേരിക്ക-ഇറാൻ സമാധാന ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്‌സർലൻഡിൽ പൂർത്തിയായ സാഹചര്യത്തിൽ ലെബനനിലെ സൈനിക നടപടികളിൽ ഇസ്രയേൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കവും തടയാൻ സൈന്യത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച നെതന്യാഹു, വടക്കൻ ഇസ്രയേൽ മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായിടത്തോളം കാലം തെക്കൻ ലെബനനിലെ സുരക്ഷാ മേഖലയിലുണ്ടാകുമെന്നും വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തിന്റെ നടപടികൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ചർച്ചകളിൽ ലെബനൻ വിഷയം പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രയേൽ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം ഇറാൻ ശക്തമായി മുന്നോട്ടുവച്ചിരുന്നു.

ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സമഗ്ര സമാധാന കരാറിന്റെ അനിവാര്യ ഘടകമാണെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേൽ ആക്രമണങ്ങളും തെക്കൻ ലെബനനിലെ സൈനിക സാന്നിധ്യവും തുടർന്നാൽ നിലവിലെ ധാരണയിൽ നിന്ന് പിന്മാറാൻ പോലും ഇറാൻ തയ്യാറാകുമെന്ന മുന്നറിയിപ്പും മുമ്പ് നൽകിയിരുന്നു.

ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി, കരാറിലെ വ്യവസ്ഥകൾ എല്ലാ മേഖലകളിലും നടപ്പാക്കാൻ അമേരിക്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, ഹിസ്ബുള്ളയിൽ നിന്ന് ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം ലെബനനിലെ സൈനിക നടപടികൾ തുടരുമെന്ന നിലപാടിലാണ് ഇസ്രയേൽ.

അമേരിക്കയും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥ പ്രകാരം ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നാണ് പറയുന്നത്. എന്നാൽ ഇസ്രയേലിന്റെ പുതിയ പ്രതികരണം സമാധാന ശ്രമങ്ങൾക്ക് പുതിയ വെല്ലുവിളിയാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.