ലഖ്‌നൗവില്‍ ആനിമേഷന്‍ പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; 15 വിദ്യാര്‍ഥികള്‍ മരിച്ചു

ലഖ്‌നൗവില്‍ ആനിമേഷന്‍ പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; 15 വിദ്യാര്‍ഥികള്‍ മരിച്ചു


ലഖ്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലെ ഒരു വാണിജ്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആനിമേഷന്‍ പരിശീലന കേന്ദ്രത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 വിദ്യാര്‍ഥികള്‍ ദാരുണമായി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലര്‍ തീയും പുകയും വ്യാപിച്ചതോടെ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി.

വൈകിട്ട് മൂന്ന് മണിയോടെയാണ് ഉഷാ മേത്ത മാര്‍ഗിലുള്ള പുരാനിയ മേഖലയിലെ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ആനിമേഷന്‍ പരിശീലന കേന്ദ്രത്തിന് പുറമെ ഒരു പെറ്റ് സ്റ്റോറും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. തീ അതിവേഗം പടര്‍ന്നതോടെ നിരവധി പേര്‍ അകത്ത് കുടുങ്ങി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തിയ ഉപമുഖ്യമന്ത്രി ബ്രിജേഷ് പാഥക്, ആദ്യം 14 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി മാധ്യമങ്ങളെ അറിയിച്ചുവെങ്കിലും പിന്നീട് 15 വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

പരിക്കേറ്റ നാല് പേരെ കെജിഎംയു ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണനയെ്‌നും തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്നും പാഥക് പറഞ്ഞു.

ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം വാഹനമുള്‍പ്പെടെ 14 അഗ്നിശമന സേനാ വാഹനങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ വിന്യസിച്ചത്. അഗ്നിശമനസേന, എസ് ഡി ആര്‍ എഫ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനം നടന്നു.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

ലഖ്‌നൗ എംപിയും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു.