സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ ലേബര്‍ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാം

സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ ലേബര്‍ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാം


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാജിപ്രഖ്യാപനത്തിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാം. 56കാരനായ ബേണ്‍ഹാം, ജൂണ്‍ 18-ന് നടന്ന നിര്‍ണായക മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ലണ്ടനു പുറത്തുള്ള തൊഴിലാളിവര്‍ഗ സമൂഹങ്ങളുടെയും പൊതുസേവനങ്ങളുടെയും പ്രാദേശിക അധികാര വികേന്ദ്രീകരണത്തിന്റെയും ശക്തമായ വക്താവായി സ്വതന്ത്ര രാഷ്ട്രീയ വ്യക്തിത്വം കെട്ടിപ്പടുത്ത ബേണ്‍ഹാമിനെ 'കിംഗ് ഓഫ് ദി നോര്‍ത്ത്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കെയര്‍ സ്റ്റാര്‍മര്‍ രാജ്യത്തിനായി വലിയ സേവനമാണ് ചെയ്തതെന്നും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ അദ്ദേഹം കാഴ്ചവെച്ച നേതൃത്വത്തിനും സമര്‍പ്പണത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹത്തിന്റെ തീരുമാനം പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണെന്നും ബേണ്‍ഹാം പറഞ്ഞു. ഈ പ്രക്രിയ ക്രമബദ്ധവും ഉത്തരവാദിത്തപരവുമായ രീതിയില്‍ മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. അതിന്റെ ഭാഗമായി താന്‍ നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്നും ബേണ്‍ഹാം വ്യക്തമാക്കി.

2001 മുതല്‍ 2017 വരെ ലീ മണ്ഡലത്തില്‍ എം പിയായിരുന്ന ബേണ്‍ഹാം ടോണി ബ്ലെയറും ഗോര്‍ഡന്‍ ബ്രൗണും നയിച്ച ന്യൂ ലേബര്‍ സര്‍ക്കാരുകളില്‍ വിവിധ മന്ത്രിസഭാ പദവികള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന്റെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മെട്രോ മേയറായി 2017ല്‍ അധികാരത്തിലെത്തിയ അദ്ദേഹം 2021ലും 2024ലും വീണ്ടും വിജയിച്ച് മൂന്ന് തവണ ആ പദവി അലങ്കരിച്ചു.

മേയറും എം പിയും ഒരേസമയം തുടരാനാവാത്തതിനാല്‍ മേക്കര്‍ഫീല്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ സ്ഥാനം രാജിവെച്ച ബേണ്‍ഹാം 54.8 ശതമാനം വോട്ടുകള്‍ നേടി വലതുപക്ഷ റിഫോം യു കെ പാര്‍ട്ടിയെ പരാജയപ്പെടുത്തി.

സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ബസ് സര്‍വീസ് പൊതുമേഖലാ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ബേണ്‍ഹാമിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ഭവനരഹിതര്‍ക്കായി ആരംഭിച്ച 'എ ബെഡ് എവരി നൈറ്റ്' പദ്ധതിക്കായി സ്വന്തം ശമ്പളത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം സംഭാവന ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വടക്കന്‍ ഇംഗ്ലണ്ടിന്റെ താത്പര്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചതിലൂടെയാണ് അദ്ദേഹത്തിന് 'കിംഗ് ഓഫ് ദി നോര്‍ത്ത്' എന്ന വിശേഷണം ലഭിച്ചത്.

അതേസമയം, ജനപിന്തുണയില്‍ ഇടിവ് നേരിട്ട കെയര്‍ സ്റ്റാര്‍മറിന് സ്വന്തം മന്ത്രിസഭയ്ക്കുള്ളില്‍ നിന്നുതന്നെ കടുത്ത സമ്മര്‍ദം നേരിടേണ്ടി വന്നു. മേക്കര്‍ഫീല്‍ഡിലെ ബേണ്‍ഹാമിന്റെ വന്‍ വിജയത്തിന് പിന്നാലെ നിരവധി മുതിര്‍ന്ന മന്ത്രിമാര്‍ സ്റ്റാര്‍മര്‍ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിലൂടെ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് പരാമര്‍ശിച്ചതും അദ്ദേഹത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കി.

തിങ്കളാഴ്ച 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിലെത്തി ഭാര്യയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട സ്റ്റാര്‍മര്‍, താന്‍ എടുത്ത എല്ലാ തീരുമാനങ്ങളും രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്നും തന്റെ പിന്‍ഗാമിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷം മുമ്പ് താന്‍ ഏറ്റെടുത്തതിനെക്കാള്‍ ശക്തവും നീതിയുക്തവുമായ ബ്രിട്ടനെ അടുത്ത നേതാവിന് കൈമാറുന്നുവെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.