ലണ്ടന്‍: വര്‍ഷങ്ങളോളം ആഗ്രഹിച്ച് നേടിയ അധികാരം അപ്രതീക്ഷിതമായി കൈവിട്ടുപോകുന്നത് രാഷ്ട്രീയത്തിലെ അസാധാരണമല്ലാത്ത യാഥാര്‍ഥ്യമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാഷ്ട്രീയജീവിതവും ഇപ്പോള്‍ അത്തരമൊരു വഴിത്തിരിവിലാണ്. ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ടതിന് വെറും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട സ്റ്റാര്‍മര്‍, പാര്‍ട്ടിയുടെ നിലപാട് താന്‍ മനസ്സിലാക്കിയെന്നും അത് മാന്യമായി സ്വീകരിക്കുന്നുവെന്നും വ്യക്തമാക്കി.
2020 മുതല്‍ നാല് വര്‍ഷക്കാലം പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാര്‍മറുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ആഭ്യന്തര ഭിന്നതകളും തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടികളും നേരിട്ട ലേബര്‍ പാര്‍ട്ടിയെ പുനര്‍നിര്‍മിച്ചതായിരുന്നു. പാര്‍ട്ടിയെ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് കൂടുതല്‍ മധ്യനിലപാടിലേക്കു നയിച്ച അദ്ദേഹം അകന്നുപോയ വോട്ടര്‍മാരെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. 2024ലെ തിരഞ്ഞെടുപ്പില്‍ ആ തന്ത്രം വിജയിക്കുകയും ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
അനുയായികള്‍ക്ക് സ്റ്റാര്‍മര്‍ ലേബറിനെ വീണ്ടും വിജയപാതയിലേക്ക് കൊണ്ടുവന്ന നേതാവായിരുന്നെങ്കില്‍ വിമര്‍ശകര്‍ക്ക് അദ്ദേഹം പാര്‍ട്ടിയുടെ മുഖം തന്നെ മാറ്റിമറിച്ച വ്യക്തിയായിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയോ മാധ്യമ പ്രവര്‍ത്തനത്തിലൂടെയോ ഉയര്‍ന്നുവന്ന പല രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി സ്റ്റാര്‍മര്‍ പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് തന്നെ നിയമരംഗത്ത് ശ്രദ്ധേയമായ കരിയര്‍ കെട്ടിപ്പടുത്തിരുന്നു. മനുഷ്യാവകാശ നിയമത്തില്‍ വിദഗ്ധനായ അദ്ദേഹം പിന്നീട് ബ്രിട്ടന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥരില്‍ ഒരാളായി.
2008 മുതല്‍ 2013 വരെ ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ് പദവി വഹിച്ച അദ്ദേഹം നടത്തിയ സേവനങ്ങള്‍ക്ക് അംഗീകാരമായാണ് 'സര്‍' ബഹുമതി ലഭിച്ചത്. 10 ഡൗണിങ് സ്ട്രീറ്റിലെത്തുന്നതിന് ഏറെ മുമ്പേ അദ്ദേഹം 'സര്‍ കെയര്‍ സ്റ്റാര്‍മര്‍' ആയിരുന്നു.
സാധാരണ കുടുംബത്തില്‍ നിന്ന് അധികാരശിഖരത്തിലേക്ക്
1963ല്‍ ജനിച്ച സ്റ്റാര്‍മര്‍ ലണ്ടന്റെ പ്രാന്തപ്രദേശത്തെ സാധാരണ കുടുംബത്തിലാണ് വളര്‍ന്നത്. പിതാവ് ടൂള്‍മേക്കറായും മാതാവ് നഴ്‌സായും ജോലി ചെയ്തിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ നേതാവായിരുന്ന കെയര്‍ ഹാര്‍ഡിയുടെ പേരാണ് അദ്ദേഹത്തിന് നല്‍കിയത്. കുടുംബത്തില്‍ നിന്ന് സര്‍വകലാശാലയിലെത്തിയ ആദ്യ അംഗം കൂടിയായിരുന്നു സ്റ്റാര്‍മര്‍.
ലീഡ്‌സ് സര്‍വകലാശാലയില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലും പഠനം നടത്തി. തുടര്‍ന്ന് നിയമരംഗത്ത് ശ്രദ്ധേയമായ ജീവിതം കെട്ടിപ്പടുത്തു.
അമ്പതുകള്‍ക്കുശേഷം രാഷ്ട്രീയത്തിലേക്ക്
പല രാഷ്ട്രീയ നേതാക്കളെയും പോലെ ചെറുപ്പത്തില്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ ആളല്ല സ്റ്റാര്‍മര്‍. 2015ല്‍, അമ്പതുകള്‍ പിന്നിട്ട ശേഷമാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലേബര്‍ പാര്‍ട്ടിയിലെ വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. അന്നത്തെ നേതാവായ ജെറമി കോര്‍ബിനുമായി പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന അദ്ദേഹം ഒരുകാലത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
പിന്നീട് ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബറിന്റെ വക്താവായി കോര്‍ബിന്റെ നേതൃത്വത്തില്‍ തന്നെ തിരിച്ചെത്തിയ സ്റ്റാര്‍മര്‍, വര്‍ഷങ്ങള്‍ക്കുശേഷം അതേ പാര്‍ട്ടിയുടെ നേതാവായി മാറി.
പ്രധാനമന്ത്രിസ്ഥാനത്തേക്കും രാജിയിലേക്കും
മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും പ്രധാനമന്ത്രി പദവിയിലെത്തുന്നതാണ് അന്തിമലക്ഷ്യം. എന്നാല്‍ സ്റ്റാര്‍മറുടെ കാര്യത്തില്‍ അത് ഒരു അധ്യായം മാത്രമായി മാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ദീര്‍ഘകാല ഭരണത്തിന് വിരാമമിട്ട് അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും അദ്ദേഹം പടിയിറങ്ങുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് അധികാരം ഒഴിയുന്നത്. ഇതോടെ ബ്രിട്ടനിലെ രാഷ്ട്രീയ അസ്ഥിരതയുടെ മറ്റൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
