ഹെഹ്‌റാന്‍/ ബുര്‍ഗന്‍സ്റ്റോക്ക്: ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷന്‍ ഇബ്രാഹിം അസീസി. 'ഭീഷണി മുഴക്കുന്നത് നിങ്ങള്‍, നടപടിയെടുക്കുന്നത് ഞങ്ങളാണ്' എന്ന് പറഞ്ഞ അസീസി, ഹോര്‍മുസ് കടലിടുക്ക് ട്രംപിന്റെ സ്വകാര്യ കാസിനോയോ ആധുനിക കടല്‍ക്കൊള്ളക്കാരുടെ വീട്ടുമുറ്റമോ അല്ലെന്നും അത് ഇറാന്റെ പരമാധികാര ജലമേഖലയാണെന്നും വ്യക്തമാക്കി.
അന്തിമ തീരുമാനം ഇറാനിലെ ജനങ്ങളുടെയും ധീരരായ സായുധ സേനയുടെയും കൈകളിലാണെന്ന് അസീസി പറഞ്ഞു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നു. മധ്യസ്ഥരായ പാകിസ്താനും ഖത്തറും ചര്‍ച്ചകള്‍ അനുകൂലവും സൃഷ്ടിപരവുമായിരുന്നു എന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള യു എസ്- ഇറാന്‍ ധാരണയ്ക്ക് പിന്നാലെയാണ് ലൂസേണ്‍ തടാകത്തിന് സമീപമുള്ള ബുര്‍ഗന്‍സ്റ്റോക്കില്‍ ചര്‍ച്ചകള്‍ നടന്നത്.
ചര്‍ച്ചകള്‍ക്കിടെ ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കുന്നത് ഉറപ്പാക്കുന്നതിനും ലെബനനിലെ ശത്രുതാപരമായ നടപടികള്‍ അവസാനിപ്പിക്കുന്നതിനുമായി പ്രത്യേക ആശയവിനിമയ സംവിധാനം രൂപീകരിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്തുന്നതിനുള്ള റോഡ്മാപ്പിലും ധാരണയായതായി മധ്യസ്ഥര്‍ അറിയിച്ചു.
സാങ്കേതികതല ചര്‍ച്ചകള്‍ക്കുള്ള പുതിയ സംവിധാനം രൂപീകരിച്ചതടക്കമുള്ള പ്രോത്സാഹജനകമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും ഹോര്‍മുസ് കടലിടുക്കില്‍ തെറ്റിദ്ധാരണകളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പ്രത്യേക മാര്‍ഗവും സജ്ജമാക്കിയിട്ടുണ്ടെന്ന് പാകിസ്താനും ഖത്തറും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ലെബനനില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിന് അമേരിക്ക, ഇറാന്‍, ലെബനന്‍ അധികൃതര്‍ക്കിടയില്‍ 'ഡി-കോണ്‍ഫ്‌ളിക്ഷന്‍ സെല്‍' രൂപീകരിക്കാനും ധാരണയായി.
