അയോധ്യയിൽ വെള്ളി കട്ടകളുടെ കൊള്ള: ഏറ്റവും കൂടുതല്‍ കുംഭമേളക്കാലത്തെന്ന് എസ്‌.ഐ.ടി റിപ്പോര്‍ട്ട്

അയോധ്യയിൽ വെള്ളി കട്ടകളുടെ കൊള്ള: ഏറ്റവും കൂടുതല്‍ കുംഭമേളക്കാലത്തെന്ന് എസ്‌.ഐ.ടി റിപ്പോര്‍ട്ട്


ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. അന്തിമ റിപ്പോർട്ട് ഞായറാഴ്ച നൽകും. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ കുംഭമേളക്കാലത്തെന്നാണ് റിപ്പോർട്ടിൽ സൂചന. ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രം ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്. ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. 

രാം ലല്ലയ്ക്ക് ഭക്തര്‍ അര്‍പ്പിച്ച സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകള്‍ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയില്‍ മഹാകുംഭമേളക്കാലത്താണ്. അന്ന് ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കുണ്ടാവുകയും സംഭാവനകള്‍ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഇവയുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ച് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങായ 'പ്രാൺ പ്രതിഷ്ഠ' സമയത്ത് രാം ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ അടിത്തറയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു.

വെള്ളി കട്ടകൾ സ്വീകരിച്ചത്, സൂക്ഷിച്ചുവെച്ചത് അല്ലെങ്കിൽ ഉപയോഗിച്ചത് സംബന്ധിച്ച യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ. എന്നാൽ ഈ വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ പക്കൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് വെള്ളി കൈമാറിയതിന്‍റെ കൃത്യമായ രസീത് ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു. രാജ്യത്തുടനീളമുള്ള സ്വർണ്ണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയാറാക്കി ക്ഷേത്രത്തിന് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. അടിത്തറയിടുന്ന ചടങ്ങുകളിലോ പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും അതിനുശേഷമാണ് ഇവ കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

200 കോടിമുതല്‍ 1400 കോടിവരെ രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആരോപണം. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് എസ്‌.ഐ.ടിക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മിക്കവയും ഡിലീറ്റുചെയ്തു, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത 1250 കട്ടകള്‍ കാണാനില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി, എ.എ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണത്തെത്തുടര്‍ന്നാണ് യു.പി സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്‌.ഐ.ടിയെ നിയോഗിച്ചത്.